യു എ ഇ വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ കബറടക്ക ചടങ്ങ് വൈകിയേക്കും

അബുദാബി: ഇന്ത്യന്‍ ദമ്പതികളുടെ 4 മാസം പ്രായമായ കുഞ്ഞ് മരിച്ച കേസില്‍ യുഎഇ വധശിക്ഷ നടപ്പാക്കിയ ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ കബറടക്ക ചടങ്ങ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയ്ക്കകം കബറടക്കം നടത്തണമെന്നാണ് യുഎഇ ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനകം ബന്ധുക്കളെ യുഎഇയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.
കേസില്‍ ശിക്ഷിപ്പെട്ട് അബുദാബിയിലെ അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന യുവതിയുടെ വധശിക്ഷ കഴിഞ്ഞദിവസമാണ് നടപ്പാക്കിയത്. യുപി ബന്ദ ജില്ലക്കാരിയായ ഷഹ്സാദി ഖാനെ( 33)യാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്കെതിരെ അബുദാബി കോടതിയാണ് വധശിക്ഷ വിധിച്ചത്.
വധശിക്ഷ വൈകാതെ നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവസാന ആഗ്രഹമെന്ന നിലയില്‍ യുവതി യുപിയിലെ വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിച്ചിരുന്നു. ഇത് തന്റെ അവസാനത്തെ ഫോണ്‍ കോളായിരിക്കുമെന്നും പറഞ്ഞിരുന്നു.
താന്‍ ഇപ്പോള്‍ ഏകാന്ത തടവിലാണെന്നും 24 മണിക്കൂറിനുള്ളില്‍ തന്റെ വധശിക്ഷ നടപ്പാക്കുമെന്ന് ജയിലധികൃതര്‍ അറിയിച്ചതായും ഷഹ് സാദി കുടുംബത്തോട് പറഞ്ഞു. തന്റെ അവസാന ആഗ്രഹമെന്ന നിലയിലാണ് കുടുംബത്തോട് സംസാരിക്കാന്‍ അധികൃതര്‍ അനുവദിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. പിന്നാലെ അവസാന ശ്രമമെന്ന നിലയില്‍ പിതാവ് ഷബ്ബിര്‍ ഖാന്‍ അധികൃതര്‍ക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വൃഥാവിലായി.
ഉത്തര്‍പ്രദേശ് മതാവുന്ദ് ഗൊയ്‌റ മുഗളായി ബാന്ദ സ്വദേശിയാണ് ഷഹ്സാദി. 2021ലാണ് ഇവര്‍ അബുദാബിയിലെത്തിയത്. ആഗ്രയിലെ ഉസൈര്‍ എന്നയാളുമായി പരിചയത്തിലായ യുവതിയെ അയാള്‍ തന്റെ ബന്ധുക്കളായ ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് പിതാവ് പറയുന്നത്. അവരാണ് ഷഹ്സാദിയെ അബുദാബിയിലെത്തിച്ചത്. ബാന്ദ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ഈ ദമ്പതികള്‍ക്കും ഉസൈറിനും ഇയാളുടെ അമ്മാവന്‍ ഫൈസ്, ഭാര്യ നസിയ, മാതാവ് അഞ്ജും സഹാന എന്നിവര്‍ക്കെതിരെ അധികൃതര്‍ മനുഷ്യക്കടത്ത് ആരോപിച്ച് കേസെടുത്തിരുന്നു. ഇവര്‍ നിലവില്‍ യുഎഇയിലാണുള്ളത്.
ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകനെ നോക്കാനായിരുന്നു ഷഹ്സാദിയെ ഇവര്‍ അബുദാബിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ കുട്ടിയുടെ അപ്രതീക്ഷിത മരണത്തോടെ ഷഹ്സാദിയുടെ ജീവിതം പ്രതിസന്ധിയിലായി. മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്സാദിയാണെന്ന് ആരോപിച്ച് ഫൈസും നസിയയും പരാതി നല്‍കിയതോടെയാണിത്. തുടര്‍ന്ന് പൊലീസ് ഷഹ്സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.

