IDENTIFIED | കുവൈത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു; കര്‍ണാടക ഹവേരി സ്വദേശിനി മുബാഷിറ

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു. കര്‍ണാടക ഹവേരി റണിബ്ബന്നൂര്‍ സ്വദേശിനിയായ മുബാഷിറ (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളും ഇന്ത്യക്കാരന്‍ തന്നെയാണ്. പ്രതിയുടെ ഫോട്ടോയും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. മൈദാന്‍ ഹവല്ലി ഏരിയയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്.

മുബാഷിറയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. മുറിവ് വളരെ ആഴത്തിലുള്ളതിനാല്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. കൊലപാതക വിവരം മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ അറിഞ്ഞ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

സംഭവം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുകയും കുത്താനുപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

കൊലപാതകം ചെയ്യാനുള്ള സാഹചര്യം അടക്കം അന്വേഷിച്ചു വരികയാണ്. മുബാഷിറയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നു. സയ്യിദ് ജാഫര്‍ ആണ് ഭര്‍ത്താവ്. റസൂല്‍ഖാനും നസീമാ ബാനുവുമാണ് മാതാപിതാക്കള്‍.

കുറ്റകൃത്യങ്ങള്‍ക്കെതിരെ കുവൈറ്റ് സ്വീകരിക്കുന്ന കര്‍ശനമായ നിലപാടും ക്രമസമാധാന പാലനത്തില്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ ശ്രമങ്ങളും ഈ സംഭവം അടിവരയിടുന്നു. ക്രിമിനല്‍ ഭീഷണികള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാന്‍ അധികാരികളെ സഹായിക്കുന്നതിന് സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അത് ഉടന്‍ തന്നെ അധികൃതരെ അറിയിക്കാന്‍ മന്ത്രാലയം താമസക്കാരോട് അഭ്യര്‍ഥിച്ചു.

Related Articles
Next Story
Share it