റമദാനെ വരവേറ്റ് വിശ്വാസി സമൂഹം; നോമ്പുതുറയ്ക്കും പ്രാര്‍ഥനയ്ക്കുമുള്ള സൗകര്യങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു

ദുബായ്: റമദാനെ വരവേറ്റ് വിശ്വാസി സമൂഹം. പള്ളികളിലും ഭവനങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി പവിത്രമാസത്തെ വരവേറ്റു. പള്ളികളില്‍ ഇഫ്താറി(സമൂഹ നോമ്പുതുറ)നുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നു.
ഇന്ന് മുതല്‍ യുഎഇ എമിറേറ്റുകളില്‍ ഇഫ്താര്‍ വിരുന്നുകളും സജീവമാവും. പള്ളികളിലും ബാചിലര്‍ ഫ്‌ലാറ്റുകളിലും നോമ്പുതുറയ്ക്കും പ്രാര്‍ഥനയ്ക്കുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വ്യക്തികളും സാമൂഹിക സാംസ്‌കാരിക സംഘടനകളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ഇഫ്താര്‍ വിരുന്നൊരുക്കുന്നു.
ആദ്യദിനമായ ഇന്ന് വ്രതാനുഷ്ഠാനത്തിന് ഏതാണ്ട് 13 മണിക്കൂറിലേറെ ദൈര്‍ഘ്യമുണ്ടാകും. രാവിലെ 5.25 ന് തുടങ്ങി വൈകിട്ട് 6.24 വരെയായിരിക്കും ദൈര്‍ഘ്യം. റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന് മാനസികവും ശാരീരികവുമായി ഒരുങ്ങുന്ന വിശ്വാസികള്‍ ഇത്രയും നേരം വിശപ്പും ദാഹവും വികാര വിചാരങ്ങളും ദൈവ പ്രീതിക്കായി ഉപേക്ഷിക്കുന്നു. ദീര്‍ഘനേരത്തെ വ്രതവേളയില്‍ അനാവശ്യമായ സംസാരവും പ്രവര്‍ത്തികളും ഉപേക്ഷിക്കാനും കഴിയേണ്ടതുണ്ട്.
ഇത്തവണ നോമ്പ് നോക്കുന്നവര്‍ക്ക് കാലാവസ്ഥയും അനുകൂല ഘടകമാണ്. ചൂടു കാലത്തിന് മുന്‍പ് തന്നെ നോമ്പ് ദിനങ്ങള്‍ കടന്നുപോവും. യുഎഇയില്‍ മാര്‍ച്ചിലാണ് ശീതകാലം ഔദ്യോഗികമായി അവസാനിക്കുന്നത്. എന്നാല്‍ ഇതുവരെ വേനല്‍ക്കാലം എത്തിയിട്ടില്ല. താപനില 20 ഡിഗ്രിയിലേറെ എത്തിയിട്ടുണ്ട്.
ഇസ്ലാമിലെ ഏറ്റവും വിശുദ്ധ മാസമായ റമദാന്‍ 1.9 ബില്യനിലധികം മുസ്ലിങ്ങള്‍ ആചരിക്കുന്നു. മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണിതെന്നാണ് വിശ്വാസം. 29 അല്ലെങ്കില്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന റമദാനില്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഉപവസിക്കുന്നു.
വിശുദ്ധ മാസത്തിലെ വ്രതാനുഷ്ഠാനം ഇസ്ലാമിന്റെ അഞ്ച് തൂണുകളില്‍ ഒന്നാണ്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേകിച്ച് യുഎഇയില്‍ ആരോഗ്യപരിപാലനത്തെ മുന്‍ നിര്‍ത്തി ഇതര മതസ്ഥരില്‍ നല്ലൊരു ശതമാനവും നോമ്പുനോല്‍ക്കുന്നു.