ജിസിസിയിലെ താമസക്കാര്‍ക്ക് ഇനി ഉംറയ്ക്ക് ട്രാന്‍സിറ്റ് വിസ ഉപയോഗിക്കാം

റിയാദ്: സൗദി അറേബ്യയില്‍ ട്രാന്‍സിറ്റ്, സന്ദര്‍ശന വിസ ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. സാധാരണയായി ഹജ്ജ്, ഉംറ എന്നിവ നിര്‍വഹിക്കാന്‍ ഉംറ വിസ നിര്‍ബന്ധമായിരുന്നു.ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിനുള്ള പ്രവേശനം സുഗമമാക്കുന്നതിനും അതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. എന്നാല്‍, മദീനയിലെ പ്രവാചക പള്ളിയിലെ അല്‍ റൗദ അല്‍ ഷെരീഫ് സന്ദര്‍ശിക്കണമെങ്കില്‍ നുസുക് ആപ്ലിക്കേഷന്‍ വഴി തീര്‍ത്ഥാടകര്‍ മുന്‍കൂര്‍ ബുക്കിങ് നടത്തണമെന്നും മന്ത്രാലയം അറിയിച്ചു. ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് 96 മണിക്കൂര്‍ വരെ യാത്രക്കാര്‍ക്ക് രാജ്യത്ത് തങ്ങാം.
കഴിഞ്ഞ വര്‍ഷം സന്ദര്‍ശനത്തിനോ വ്യക്തിഗത ആവശ്യങ്ങള്‍ക്കോ രാജ്യത്തെത്തുന്നവര്‍ക്ക് സൗദി അറേബ്യ ഉംറ ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. ഇത് ആഗോള ശ്രദ്ധ ആകര്‍ഷിച്ചു. കൂടാതെ, ഷെങ്കന്‍ രാജ്യങ്ങളില്‍ നിന്നോ അമേരിക്കയില്‍ നിന്നോ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സാധുവായ വിസയുണ്ടെങ്കില്‍ അവരുടെ താമസ കാലയളവിനിടയില്‍ ഉംറ നിര്‍വഹിക്കാനും അനുവാദം നല്‍കിയിരുന്നു. പ്രത്യേക ഉംറ വിസ ആവശ്യമില്ലാതെ എളുപ്പത്തില്‍ പ്രവേശനം അനുവദിക്കുന്നതിലൂടെ യാത്രാ പ്രക്രിയ സുഗമമാക്കുന്നു.തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനും മത ടൂറിസം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ വിഷന്‍ 2030ന്റെ ഭാഗമായാണ് തീരുമാനമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.