ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടും; വിസ്മൃതിയിലാവുന്നത് പ്രവാസികളുടെ ഇഷ്ട എയര്‍പോര്‍ട്ട്
അല്‍ മഖ്തൂമിന്റെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ,ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു

ദുബായ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഓര്‍മകളില്‍ പ്രവാസ ജീവിതത്തിനോടൊപ്പം ചേര്‍ത്തുവെക്കുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (ഡിഎക്‌സ്ബി) വിസ്മൃതിയിലേക്ക്. പുതിയ രാജ്യാന്തര വിമാനത്താവളമായ അല്‍ മഖ്തൂമിന്റെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ, 2024ലെ ലോകത്തെ ഏറ്റവും കൂടുതല്‍ തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്ത ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തീരുമാനം ദുബായിയുടെ ഭാവി പ്രവര്‍ത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നും നിലവിലെ വിമാനത്താവളം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. അടച്ചുപൂട്ടുന്ന വിമാനത്താവളത്തിന്റെ സ്ഥലം ഭവന, വാണിജ്യ, ടൂറിസം, പരസ്യ ആവശ്യങ്ങള്‍ക്കായി പുനര്‍വിനിയോഗിക്കാനുള്ള സാധ്യതകളാണ് പ്രധാനമായും ഉയരുന്ന ചര്‍ച്ച.
29 ചതുരശ്ര കിലോ മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയിലാണ് ദുബായ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. മികച്ച വികസന സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ദുബായിയുടെ വികസനത്തില്‍ സുപ്രധാന പങ്കുവഹിച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ചരിത്രാവശേഷിപ്പ് എന്ന നിലയില്‍ സംരക്ഷിക്കണമെന്ന ആവശ്യവും മറുഭാഗത്ത് ഉയരുന്നുണ്ട്.
ഡിഎക്‌സ്ബി യേക്കാള്‍ അഞ്ചിരട്ടി വലുപ്പമുണ്ടാകും അല്‍ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്. 2024ല്‍ 92.3 മില്ല്യണ്‍ യാത്രക്കാര്‍ ഡിഎക്‌സ്ബിയിലൂടെ കടന്നുപോയി ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തു.
അന്താരാഷ്ട്ര യാത്രക്കാരൂടെ എണ്ണം കൂടി വരുന്നത് വിമാനത്താവളത്തിന്റെ കപ്പാസിറ്റിക്ക് വെല്ലുവിളിയാവുന്നുണ്ട്. അല്‍ മഖ്തൂം വിമാനത്താവളത്തിന് അഞ്ച് സമാന്തര റണ്‍വേയ്‌സ് ഉണ്ടാവും. 400 എയര്‍ക്രാഫ്റ്റ് ഗെയ്റ്റും. നിലവില്‍ രണ്ട് റണ്‍വേ മാത്രമാണ് ഉപയോഗിക്കുന്നത്. 2032 ല്‍ ആദ്യഘട്ട നിര്‍മാണവും 2050 ഓടെ പൂര്‍ണതോതിലും പ്രവൃത്തികള്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വര്‍ഷത്തില്‍ 260 മില്യണ്‍ യാത്രക്കാരെ സ്വാഗതം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ