ദുബായ് മാളില്‍ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുന്നു

ദുബൈ: ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. മാളിനുള്ളില്‍ സ്ഥാപിച്ച സ്റ്റാളുകള്‍ നീക്കാന്‍ സ്വദേശി സംരംഭകര്‍ക്ക് ഇതിനോടകം തന്നെ നിര്‍ദേശം ലഭിച്ചു കഴിഞ്ഞു. മാള്‍ മാനേജ്‌മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംരംഭകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഓരോ കച്ചവടക്കാരുടെയും കരാര്‍ അവസാനിക്കുന്നതോടെ കിയോസ്‌കുകള്‍ നീക്കേണ്ടി വരും. പെര്‍ഫ്യൂം, വാച്ച്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഒട്ടേറെ കിയോസ്‌ക്കുകളാണ് ഇവിടെയുള്ളത്. കടകള്‍ ചെറുതാണെങ്കിലും, അതിന് പിന്നിലെ സാമ്പത്തിക ബാധ്യത വലുതാണ്. പരസ്യങ്ങള്‍ക്ക് വന്‍ തുക മുടക്കിയവരും വായ്പ എടുത്തവരുമുണ്ട്.

ഒഴിപ്പിക്കുന്ന സ്റ്റാളുകള്‍ക്ക് നഷ്ടപരിഹാരം സംബന്ധിച്ച് നോട്ടിസില്‍ പരാമര്‍ശിക്കുന്നുമില്ല. ഇത് സംരംഭകരെ ആശങ്കയിലാക്കുന്നു. അതുകൊണ്ടുതന്നെ സ്റ്റാളുകള്‍ ഒഴിവാക്കുന്നതോടെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകള്‍ കൂടി പൂട്ടേണ്ടി വരുന്നതോടെ അവിടെയുള്ളവര്‍ക്കും ജോലി നഷ്ടമാകും. പലര്‍ക്കും വ്യവസായ ശാലകളുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിതരണക്കരാറുണ്ട്.

പുതിയ തീരുമാനം അത്തരം കരാറുകള്‍ക്കും തിരിച്ചടിയാകും. കോവിഡ് പ്രതിസന്ധി കാലത്ത് മാനേജ്‌മെന്റിന്റെ ക്ഷണം സ്വീകരിച്ച് പദ്ധതി തുടങ്ങിയവരാണ് പലരും. പങ്കാളിത്ത സംരംഭം തുടങ്ങിയവര്‍ക്ക് ലാഭം ലഭിക്കും മുന്‍പ് സ്റ്റാള്‍ പൂട്ടേണ്ടി വരുന്നത് വലിയ തിരിച്ചടിയാകും.

അതുകൊണ്ടുതന്നെ ഒട്ടേറെപ്പേരുടെ ജീവിതമാര്‍ഗം വഴിമുട്ടിക്കുന്ന തീരുമാനം പുനഃപരിശോധിക്കാന്‍ മാള്‍ മാനേജ്‌മെന്റ് തയാറാകണമെന്നാണ് സംരംഭകരുടെ ആവശ്യം.

Related Articles
Next Story
Share it