ദുബായ് അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടിത്തം; ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; വന്‍നാശനഷ്ടം
വിവിധതരം ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസ് പൂര്‍ണ്ണമായും കത്തിനശിച്ചു.

ദുബൈ: അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ദുബൈയിലെ അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒന്നില്‍ ആണ് തീപിടിത്തം ഉണ്ടായത്. വിവിധതരം ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസ് പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ 8.24ന് ആണ് തീപിടുത്തത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
രണ്ട് വെയര്‍ഹൗസുകളിലാണ് തീപടര്‍ന്നു പിടിച്ചത്. വിവരം അറിഞ്ഞ് ആറ് മിനിറ്റിനകം തന്നെ അല്‍ ഖൂസ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേന അംഗങ്ങള്‍ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. രാവിലെ 9.40ഓടെ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ കാരണം സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.
തീപിടുത്തത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സ്ഥലത്ത് 9.51ഓടെ ശീതീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
യുഎഇയില്‍ ചൂടുകാലത്ത് തീപിടിത്തങ്ങള്‍ വര്‍ധിക്കുന്ന പ്രവണതയുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ ഷാര്‍ജയിലും ഉമ്മുല്‍ഖുവൈനിലും നിരവധി അഗ്‌നിബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. താമസ കെട്ടിടങ്ങളിലും കമ്പനികളിലും വെയര്‍ഹൗസുകളിലും അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.