ടാക്‌സിയേക്കാള്‍ കുറഞ്ഞ നിരക്ക്; ബസ്സിനേക്കാള്‍ വേഗത; ദുബായില്‍ ജനകീയമായി ബസ് പൂളിംഗ് സംവിധാനം;
ദുബായ് : ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ച പുതിയ ബസ് പൂളിംഗ് സേവനം ജനപ്രിയമാകുന്നു. ആരംഭിച്ച് ആദ്യ 10 ദിവസത്തിനുള്ളില്‍ 500-ലധികം ആളുകള്‍ സേവനം ഉപയോഗിച്ചതായി അതോറിറ്റി അധികൃതര്‍ പറഞ്ഞു.സാമ്പത്തികമായി അധികം ചെലവില്ലാത്ത യാത്ര പ്രദാനം ചെയ്യുന്നതിനൊപ്പം മികച്ച യാത്രാനുഭവം കൂടിയാണ് പുതിയ സംവിധാനമെന്ന് യാത്രക്കാര്‍ പറഞ്ഞു. ആര്‍.ടി.എ ബസ്സുകളാണെങ്കില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ അടുത്ത ബസ്സിനായി കുറേ നേരം കാത്തിരിക്കണം. ഇതിനിടയില്‍ കുറേ ബസ് സ്റ്റോപ്പുകളുമുണ്ട്. പുതിയ സംവിധാനം ഷട്ടില്‍ സര്‍വീസ് ആയതിനാല്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടതില്ലെന്നും വളരെ ജനോപകാരപ്രദമാണെന്നുമാണ് അഭിപ്രായം.
2024 ഡിസംബറിലാണ് ബസ് പൂളിംഗ് സംവിധാനം ആരംഭിച്ചത്. സിറ്റി ലിങ്ക് ഷട്ടില്‍, ഡ്രിവന്‍ബസ്, ഫ്‌ളക്‌സ് ഡെയ്‌ലി എന്നീ ആപ്പുകളിലൂടെയാണ് ബസ് ബുക്ക് ചെയ്യേണ്ടത്. പ്രാദേശികമായും അന്തര്‍ദേശീയമായും പൊതുഗതാഗത സംവിധാനത്തില്‍ വിദഗ്ധരായ മൂന്ന് കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇ-ഹെയ്ല്‍ ടാക്സി സേവനങ്ങളേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് പുതിയ സംവിധാനത്തിന്.
മൂന്ന് കമ്പനികളുടെ 60 ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് എണ്ണം വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബസുകള്‍ക്ക് ഒരേസമയം 10 മുതല്‍ 12 പേര്‍ക്ക് ഇരിക്കാം, ടാക്‌സികള്‍ പോലെ നിശ്ചിത റൂട്ടുകളില്ല. യാത്ര തുടരുന്നതിന് മുമ്പ് ബസ് നിറയണമെന്ന ആവശ്യമില്ല. ബസ് യാത്രക്കാരായി ഒരാള്‍ മാത്രമാണെങ്കിലും അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ഇറക്കും.