ബാങ്ക് ഇടപാടുകളില്‍ നടപടികള്‍ കടുപ്പിച്ച് ദുബായ്

ദുബായ്: ബാങ്ക് ഇടപാടുകളില്‍ നടപടികള്‍ കടുപ്പിച്ച് ദുബായ്. ഇടപാടുകാരുടെ പൂര്‍ണമായ വിവരങ്ങള്‍ (കെവൈസി) വേണമെന്നാണ് ബാങ്കുകളുടെ നിലപാട്. ഇടപാടുകാരുടെ വ്യക്തിവിവരങ്ങള്‍ പുതുക്കി നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ നല്‍കിയ വിവിധ കാര്‍ഡുകള്‍ റദ്ദാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ബാങ്ക് ഇടപാടിനുള്ള അടിസ്ഥാന നിബന്ധന ഇടപാടുകാരുടെ വ്യക്തി വിവരങ്ങള്‍ പുതുക്കുന്നതാണ്. ബാങ്കില്‍ സമര്‍പ്പിച്ച രേഖകള്‍ കാലാവധി തീര്‍ന്നാല്‍ പുതുക്കണം. ഒരു മാസം കഴിഞ്ഞിട്ടും വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട കാര്‍ഡുകള്‍ മരവിപ്പിക്കുകയും ഇടപാടുകള്‍ തടസ്സപ്പെടുകയും ചെയ്യും.

കാലാവധിയുള്ള പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി പകര്‍പ്പുകളാണ് ഇടപാടുകള്‍ക്കുള്ള അടിസ്ഥാന രേഖ. ചില ഇടപാടുകള്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശമ്പളപത്രവും ആവശ്യപ്പെടും. വിദേശികളുടെ വിസ കാലാവധി ബാങ്കുമായുള്ള ബന്ധം തുടരുന്നതില്‍ പ്രധാന രേഖയാണ്. സ്വദേശികളായാലും വിദേശികളായാലും സമര്‍പ്പിക്കുന്ന രേഖകള്‍ കാലാവധിയുള്ളതാകണം എന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു.

നേരത്തെ സ്വദേശികള്‍ക്ക് പാസ്‌പോര്‍ട്ടും വിദേശികള്‍ക്ക് വിസ പതിച്ച പാസ്‌പോര്‍ട്ട് പകര്‍പ്പും താമസ വിലാസവും ടെലിഫോണ്‍ നമ്പറും നല്‍കിയാല്‍ ഇടപാടുകള്‍ സാധ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തിയ കെട്ടിട വാടക കരാര്‍ വരെ ചില ബാങ്കുകള്‍ ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ ജല - വൈദ്യുതി ബില്ലുകളും ചില ബാങ്കുകള്‍ ആവശ്യപ്പെടുന്നുണ്ട്. സെന്‍ട്രല്‍ ബാങ്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്നാണ് ബാങ്കുകളുടെ വാദം.

Related Articles
Next Story
Share it