മാറ്റത്തിനൊരുങ്ങി യു.എ.ഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ കേന്ദ്രങ്ങള്‍

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായുള്ള എല്ലാ പാസ്പോര്‍ട്ട് കേന്ദ്രങ്ങളും അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളും അടിമുടി മാറ്റാന്‍ ഒരുങ്ങി അധികൃതര്‍. ഈ വര്‍ഷം പകുതിയോടെ 14 സ്ഥലങ്ങളില്‍ ശാഖകളുള്ള ഏകീകൃത സേവന കേന്ദ്രം ആരംഭിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ (ഐസിഎസി) പ്രവര്‍ത്തിപ്പിക്കുന്നതിന് അബുദാബിയിലെ ഇന്ത്യന്‍ എംബസി സേവന ദാതാക്കളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇത് എല്ലാ കോണ്‍സുലാര്‍ സേവനങ്ങളെയും ഒരു പ്രധാനകേന്ദ്രത്തിന് കീഴില്‍ ലയിപ്പിക്കും.യുഎഇയില്‍ താമസിക്കുന്ന നാല് ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വിസ സേവനങ്ങള്‍ തേടുന്ന വിദേശികള്‍ക്കും സേവനം നല്‍കുന്നതിനായി എംബസി, ഐ.സി.എ.സിയുടെ 14 ശാഖകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിലവില്‍, രണ്ട് വ്യത്യസ്ത സേവന ദാതാക്കളാണ് വിവിധ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുത്. ഇന്റര്‍നാഷണല്‍ പാസ്പോര്‍ട്ട്, വിസ അപേക്ഷകള്‍ എന്നിവയുടെ നടപടി ക്രമങ്ങള്‍ ബി.എല്‍.എസ് പൂര്‍ത്തിയാക്കുന്നു. ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഐ.വി.എസ് ഗ്ലോബല്‍ ആണ് കൈകാര്യം ചെയ്യുന്നത്. ചില സേവനങ്ങള്‍ ദുബായിലെ എംബസിയിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും ലഭ്യമാവുന്നുണ്ട്.

സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട കാര്യക്ഷമതയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നതിനും കര്‍ശനമായ ഉപാധികളോടെ പ്രധാന സ്ഥലങ്ങളില്‍ സമഗ്രവും വേഗത്തിലുള്ളതും സുതാര്യവുമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ഏകീകൃത സൗകര്യം.

2024 ജനുവരിയില്‍ ഐസിഎസി പദ്ധതി ആരംഭിക്കാന്‍ പദ്ധതിയിട്ടുകൊണ്ട് 2023-ല്‍ എംബസി സമാനമായ ടെന്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ആ ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നു.

.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it