യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍

അബുദാബി: യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍. ബംഗളൂരുവില്‍ നിന്നും അഹമ്മദാബാദില്‍ നിന്നുമാണ് ആകാശ എയര്‍ അബുദാബിയിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസുകള്‍ തുടങ്ങിയത്. യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ ആകാശ എയറിനെ പ്രേരിപ്പിച്ചത്. മാത്രമല്ല, ഇന്ത്യയും യുഎഇയും തമ്മിലുള്ള യാത്രാ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും ഇതിനെ കണക്കാക്കാം.

മാര്‍ച്ച് ഒന്നിനാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്. ബംഗളൂരുവില്‍ നിന്ന് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ രാവിലെ 10 മണിക്ക് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഉച്ചയ്ക്ക് 12:35 ന് അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.

തിരികെയുള്ള വിമാനം പുലര്‍ച്ചെ മൂന്ന് മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8:45 ന് ബംഗളൂരുവില്‍ എത്തി. അഹമ്മദാബാദില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് രാത്രി 10:45ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയിലെത്തി. തിരികെ അവിടെ നിന്നും ഉച്ചയ്ക്ക് 2:50 ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് 7:25ന് അഹമ്മദാബാദില്‍ എത്തിച്ചേരും.

പുതിയ സര്‍വീസ് ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള ടൂറിസം, വ്യാപാരം, സാംസ്‌കാരിക വിനിമയങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതായി ആകാശ എയറിന്റെ സഹസ്ഥാപക നീലുഖത്രി പറഞ്ഞു.

നിലവില്‍ ആകാശ എയര്‍ 22 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. അഞ്ച് അന്താരാഷ്ട്ര നഗരങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. ദോഹ, ജിദ്ദ, റിയാദ്, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് അന്താരാഷ്ട്ര സര്‍വീസുകള്‍. 2022 ഓഗസ്റ്റ് ഏഴിനാണ് ആകാശ എയറിന്റെ ആദ്യ കൊമേഴ്‌സ്യല്‍ വിമാന സര്‍വീസ് തുടങ്ങിയത്. 2024 മാര്‍ച്ച് 28ന് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും തുടക്കമിട്ടു.

Related Articles
Next Story
Share it