'ബ്ലൂകോളര്‍' ജീവനക്കാരെ കുറയ്ക്കാന്‍ അബുദാബി; ആവശ്യം നൂതന സാങ്കേതികവിദ്യയില്‍ നൈപുണ്യമുള്ളവരെ; പ്രവാസികള്‍ക്ക് തിരിച്ചടി

അബുദാബി: ബ്ലൂകോളര്‍ ജീവനക്കാരെ കുറയ്ക്കാനുള്ള തയാറെടുപ്പില്‍ ഭരണകൂടം. സമസ്ത മേഖലകളിലും നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അവിദഗ്ധ ജീവനക്കാരെ (ബ്ലൂകോളര്‍) കുറയ്ക്കാനുള്ള നീക്കമാണ് നടത്തുന്നത്. നിര്‍മാണമേഖലയിലെ വികസനം ഏതാണ്ട് പൂര്‍ത്തിയായതിനാല്‍ ഇനി സാങ്കേതിക വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. അവ പരിപോഷിപ്പിക്കാന്‍ ഐടി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യയില്‍ നൈപുണ്യമുള്ളവരെ ജോലിക്കായി തിരഞ്ഞെടുക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലാണ് അബുദാബി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ വിദഗ്ധ (വൈറ്റ് കോളര്‍) ജോലിക്കാരെയാണ് ഇപ്പോള്‍ തേടുന്നത്.
എന്നാല്‍ അവിദഗ്ധ ജീവനക്കാരെ കുറയ്ക്കുന്നത്, പരമ്പരാഗത മാതൃകയില്‍ മനുഷ്യവിഭവശേഷിയെ കയറ്റിയ അയക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലും ഉണ്ട്. ഏതെങ്കിലും തൊഴിലില്‍ വിദഗ്ധരായവര്‍ക്കും ഭാഷാപരിജ്ഞാനമുള്ളവര്‍ക്കും മാത്രമേ ഇനി ഗള്‍ഫ് രാജ്യങ്ങളില്‍ സാധ്യതകള്‍ തുറക്കുകയുള്ളൂ. അതിനാല്‍, ഇന്ത്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുകയും വിദേശത്തേക്ക് പോകുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യേണ്ടി വരും. വൈദഗ്ധ്യം ഉറപ്പുവരുത്തിയാല്‍ മാത്രമേ ഭാവിയില്‍ പ്രവാസികള്‍ക്ക് മികച്ച ശമ്പളമുള്ള ജോലി ലഭിക്കൂ.
നിര്‍മിതബുദ്ധിയില്‍ നിക്ഷേപം കൂട്ടി എല്ലാ മേഖലകളിലും എഐ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് അബുദാബിയെന്ന് ഇന്‍വെസ്റ്റോപിയ 2025 കോണ്‍ഫറന്‍സില്‍ മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഷൊറാഫ വ്യക്തമാക്കിയിട്ടുണ്ട്. 4 വര്‍ഷത്തിനിടെ അബുദാബിയിലെ ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചുവെന്ന് പറഞ്ഞ അദ്ദേഹം 2040നകം ജനസംഖ്യ ഇരട്ടിയാകുമെന്നും അതിന് ആനുപാതികമായ സൗകര്യങ്ങളും സേവനവും വികസിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു.
കൂടുതല്‍ മേഖലകളില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സേവനവും വികസനവും കാര്യക്ഷമമാക്കാന്‍ 6500 കോടി ദിര്‍ഹമാണ് അബുദാബി നീക്കിവച്ചിരിക്കുന്നത്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള ബഹുനില കെട്ടിടങ്ങള്‍ ശുചീകരിക്കാന്‍ വരെ സാങ്കേതികവിദ്യയും റോബട്ടുകളുമുണ്ട്. സൗദി ഉള്‍പ്പെടെ മറ്റു ജിസിസി രാജ്യങ്ങള്‍ നേരത്തേ തന്നെ അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കുകയും സ്വദേശിവല്‍ക്കരണം ശക്തമാക്കുകയും ചെയ്തിരുന്നു. 2022 മുതല്‍ യുഎഇയും സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
20ല്‍ കൂടുതല്‍ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ വര്‍ഷംതോറും ഓരോ സ്വദേശിയെയും 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷംതോറും 2% സ്വദേശികളെയും നിയമിക്കണമെന്നാണ് നിബന്ധന. അതു പൂര്‍ത്തിയാകുന്നതോടെ സ്വദേശിവല്‍ക്കരണത്തിന്റെ അടുത്തഘട്ടത്തിലേക്കു കടക്കും.
നിര്‍മാണം, കൃഷി എന്നീ മേഖലകള്‍ തുടങ്ങി ശുചീകരണ ജോലികളില്‍ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്നതിനാല്‍ ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയാണ് രാജ്യം ചെയ്യുന്നത്. അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ് എന്നിവ ഉപയോഗിച്ചുള്ള കൃഷി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിലവിലുണ്ട്.
പത്തിലൊന്നു ജീവനക്കാരെ മാത്രമേ അതിന് ആവശ്യമുള്ളൂ. അബുദാബിയിലെ വെര്‍ട്ടിക്കല്‍ ഫാം അതിന് ഉദാഹരണമാണ്. ഷാര്‍ജയില്‍ 1000 ഏക്കറില്‍ ഗോതമ്പ് കൃഷി ചെയ്യുന്നിടത്ത് 35 തൊഴിലാളികള്‍ മാത്രമാണുള്ളത്. വിത്തുവിതയ്ക്കല്‍, നനയ്ക്കല്‍, കീടനാശിനി തളിക്കല്‍, നിരീക്ഷണം, വിളവെടുപ്പ്, സംസ്‌കരണം, ഉപോല്‍പന്നമാക്കല്‍ എന്നിങ്ങനെ ഓരോ ഘട്ടങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചെയ്യുന്നത്.
മുന്‍പ് നൂറുകണക്കിന് തൊഴിലാളികളുടെ, മാസങ്ങള്‍ നീണ്ട അധ്വാനം വേണ്ടി വന്നിരുന്ന റോഡ്, പാലം, തുരങ്കം നിര്‍മാണങ്ങള്‍ ഇപ്പോള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നതും സാങ്കേതികവിദ്യയുടെ നേട്ടം തന്നെ. 2030നകം നഗരത്തിലെ ടാക്‌സികളില്‍ 20% സ്വയം നിയന്ത്രിതമാകും. പൊതുഗതാഗത ബസ് സേവനവും ഈ പാതയിലാണ്.