വിസ നിയമങ്ങള്‍ കടുപ്പിച്ച് യു.എ.ഇ; റദ്ദാവുന്ന അപേക്ഷകളുടെ എണ്ണം കൂടി

അബുദാബി; വിസ നിയന്ത്രണങ്ങള്‍ യു.എ.ഇ ശക്തമാക്കിയതോടെ ദുബായിലേക്കുള്ള വിസ അപേക്ഷകള്‍ റദ്ദാക്കുന്നതിന്റെ എണ്ണം കൂടി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ 62 ശതമാനം വര്‍ധനവാണ് വിസ അപേക്ഷകള്‍ തള്ളുന്നതിലുണ്ടായിരിക്കുന്നതെന്ന് വിസ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്ലാറ്റ്‌ഫോമായ അറ്റ്‌ലീസ് വ്യക്തമാക്കി. പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതിനാല്‍, എല്ലാ 100 അപേക്ഷകളിലും 5 മുതല്‍ 6 എണ്ണം വരെ പ്രതിദിനം നിരസിക്കപ്പെടുന്നുണ്ട്. മുമ്പ് ഇത് വെറും 1-2% ആയിരുന്നു.തട്ടിപ്പുകള്‍ ലക്ഷ്യമിട്ടുള്ള വിസ അപേക്ഷകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നിയമം കര്‍ശനമാക്കിയത്. അപേക്ഷകള്‍ കൂടുതല്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഭൂരിഭാഗം വിസകളും തള്ളിത്തുടങ്ങിയത്. പുതിയ നടപടി ഇന്ത്യന്‍ യാത്രക്കാരെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍ . കുടിയേറ്റക്കാരുടെയും തൊഴിലാളികളുടെയും വര്‍ദ്ധിച്ചുവരുന്ന എണ്ണമാണ് പുതിയ മാറ്റത്തിലേക്ക് നയിച്ചത്. തൊഴില്‍ തേടിയത്തുന്നവരുടെ എണ്ണം കൂടിയതോടെ ദുബായില്‍ തിരക്ക് പതിന്‍മടങ്ങ് വര്‍ധിച്ചു. ദുബായില്‍ നിക്ഷേപം നടത്താന്‍ സാധ്യതയുള്ള യാത്രക്കാരെ അനുകൂലമായി പരിഗണിച്ച് അതിന് മുന്‍തൂക്കം നല്‍കാനാണ് നിലവില്‍ ദുബായ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൂടാതെ, ദുബായില്‍ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനും നഗരത്തിന്റെ ആകര്‍ഷണം ഒരു പ്രീമിയം ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി നിലനിര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുകയാണ്.

ലഭിച്ച എല്ലാ അപേക്ഷകളിലും, അപൂര്‍ണ്ണമായതോ തെറ്റായതോ ആയ വിവരങ്ങള്‍ ഉള്‍പ്പെടുന്നത് കാരണം 71% നിരസിക്കപ്പെട്ടു. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാത്തവ , വ്യക്തമല്ലാത്ത പാസ്പോര്‍ട്ട് ഫോട്ടോകള്‍, പാസ്‌പോര്‍ട്ടിലെ ഫോട്ടോയുമായി ബന്ധമില്ലാത്ത ഫോട്ടോകള്‍, മടങ്ങിവരാനുള്ള വിമാനത്തിന്റെയോ ഹോട്ടല്‍ ബുക്കിംഗുകളുടെയോ തെളിവ് നഷ്ടമായത് എന്നിവയാണ് പൊതുവെ അപേക്ഷകള്‍ തള്ളുന്നതിലെ പ്രധാന വിഷയങ്ങള്‍.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it