കൊലക്കുറ്റം: യുഎഇയില്‍ 2 മലയാളികളുടെ വധശിക്ഷ നടപ്പാക്കി

അബുദാബി: കൊലക്കുറ്റം ആരോപിച്ച് യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായുള്ള വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ തയ്യില്‍ സ്വദേശി പെരുംതട്ട വളപ്പില്‍ മുരളീധരന്‍ (43), തലശ്ശേരി നെട്ടൂര്‍ സ്വദേശി അരങ്ങിലോട്ട് തെക്കെപറമ്പില്‍ മുഹമ്മദ് റിനാഷ് (29) എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് മുഹമ്മദ് റിനാഷ് അറസ്റ്റിലായത്.
ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്. അല്‍ഐനില്‍ 2009ലാണ് മുരളീധരനെ വധശിക്ഷയ്ക്ക് വിധിച്ചത്. മോഷണശ്രമത്തിനിടെ മരിച്ച മൊയ്തീനെ മരുഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു എന്നാണ് കേസ്. മൊയ്തീനെ കാണാതായതിനെ തുടര്‍ന്ന്, കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണത്തിനിടെ മൊയ്തീന്റെ ഫോണില്‍ മറ്റൊരു സിം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഫോണിന് പിന്നാലെ നടത്തിയ അന്വേഷണമാണ് മുരളീധരനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സഹായകമായത്.
മൊയ്തീന്റെ കയ്യില്‍ നിന്ന് തട്ടിയെടുത്ത ഫോണ്‍ മുരളീധരന്‍ ഉപയോഗിക്കുകയായിരുന്നു എന്നും അന്വേഷണത്തില്‍ വ്യക്തമായി. മുരളീധരന്റെ പിതാവിന്റെ പേരില്‍ എടുത്ത സിം ആണ് മൊയ്തീന്റെ ഫോണില്‍ ഇട്ടിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സിം കാര്‍ഡ് ഉടമയെ തേടിയെത്തിയപ്പോഴാണ്, ഫോണ്‍ ഉപയോഗിക്കുന്നത് മുരളിധരനാണെന്ന് മനസ്സിലായത്.
2023ല്‍ അല്‍ഐനില്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന്റെ ശിക്ഷ നടപ്പാക്കിയത്. സ്വദേശി വീട്ടിലെ ഒരംഗവുമായി റിനാഷിനുണ്ടായ പ്രണയം ചോദ്യം ചെയ്തുതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു എന്നാണ് കേസ്.
മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയില്‍ നിന്ന് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും മുന്‍പൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര ഇടപെടലുകള്‍ കൊണ്ടൊന്നും റിനാഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
യുപി സ്വദേശി ഷഹ്‌സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്. വീട്ടുജോലിക്കിടെ നാലര മാസം പ്രായമുള്ള ഇന്ത്യന്‍ ദമ്പതികളുടെ കുഞ്ഞ് മരിച്ച കേസിലാണ് ഷഹ്‌സാദിയെ വധശിക്ഷയ്ക്ക് വിധിച്ചത്.
റിനാഷിന്റെ മൃതദേഹം അവസാനമായി കാണാന്‍ ബന്ധുക്കള്‍ യുഎഇയില്‍ എത്തിയിട്ടുണ്ട്. റിനാഷിന്റെ കബറടക്കം ഇന്ന് നടക്കുമെന്നാണ് സൂചന. എന്നാല്‍, വധശിക്ഷ സംബന്ധിച്ച എന്തെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇന്ത്യന്‍ എംബസി തയാറായിട്ടില്ല. രണ്ടുപേരുടേയും അന്ത്യകര്‍മ്മങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.