ദുബായില്‍ പാര്‍ക്കിംഗ് നിരക്കില്‍ അടിമുടി മാറ്റം ; പ്രീമിയം പാര്‍ക്കിംഗ് നിരക്ക് 6 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു

പുതിയ മാറ്റങ്ങള്‍ 2025ല്‍ പ്രാബല്യത്തില്‍ വരും

ദുബായ്: പാര്‍ക്കിംഗ് താരിഫ് നയങ്ങളില്‍ മാറ്റം വരുത്തി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). 2025ല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.

രാവിലെ 8 മുതല്‍ രാവിലെ 10 മണിവരെയും വൈകീട്ട് നാല് മുതല്‍ രാത്രി എട്ട് വരെയും പ്രീമിയം പാര്‍ക്കിംഗ് ചാര്‍ജ് മണിക്കൂറിന് ആറ് ദിര്‍ഹമാകും. നേരത്തെ ഇത് നാല് ദിര്‍ഹമായിരുന്നു . മറ്റ് പൊതു പാര്‍ക്കിംഗ് ഇടങ്ങളില്‍ മണിക്കൂറിന് നിലവില്‍ നല്‍കുന്ന നാല് ദിര്‍ഹം തന്നെ നല്‍കിയാല്‍ മതി.


കൂടുതല്‍ ആവശ്യക്കാരെത്തുന്ന മേഖലകളിലാണ് പ്രീമിയം പാര്‍ക്കിംഗ് ഇടങ്ങള്‍ക്ക് രൂപം നല്‍കുക. മെട്രോ , ബസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹബ്ബ്, ബിസിനസ് മേഖലകള്‍, പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രീമിയം പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ പ്രത്യേകം രേഖപ്പെടുത്തിവെക്കുന്നതിനൊപ്പം താരിഫ് ഡിസ്‌പ്ലേയും സ്ഥാപിക്കും. മെട്രോ സ്‌റ്റേഷന്റെ 500 മീറ്റര്‍ പരിധിയില്‍ ആണ് പ്രീമിയം പാര്‍ക്കിംഗ് സജ്ജമാക്കുക.

രാത്രി 10 മുതല്‍ രാവിലെ 8 വരെയും ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും പാര്‍ക്കിംഗ് സൗജന്യമാണ്. പ്രധാന പരിപാടികള്‍ നടക്കുന്ന വേളകളിലും പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിക്കും.

2025 ഫെബ്രുവരിയില്‍ പ്രധാന പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ ഈവന്റ് സ്‌പെസിഫിക് താരിഫ് നിലവില്‍ വരുന്നതിനൊപ്പം പാര്‍ക്കിംഗ് ഫീസും ഏര്‍പ്പെടുത്തും.2025 മാര്‍ച്ച് അവസാനത്തോടെ വര്‍ധിപ്പിച്ച പ്രീമിയം പാര്‍ക്കിംഗ് ഫീസും പീക്ക് അവേഴ്‌സ് താരിഫും നിലവില്‍ വരും

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it