ഒമ്പത് മാസത്തിനുള്ളില്‍ 157 കമ്പനികളെ എമിറേറ്റ്‌സിലേക്ക് ആകര്‍ഷിച്ചു..!! നേട്ടം കൊയ്ത് ദുബായ് ഇന്റര്‍നാഷണല്‍ ചേംബര്‍
ആഗോളതലത്തില്‍ ദുബായ് പ്രമുഖ നിക്ഷേപ കേന്ദ്രമായി മാറുന്നതിന്റെ സൂചനകളാണെന്ന് വിലയിരുത്തല്‍
2024 ലെ ആദ്യ ഒമ്പത് മാസങ്ങളിലെ നേട്ടങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് ഇന്റര്‍നാഷണല്‍ ചേംബര്‍. മള്‍ട്ടി നാഷണല്‍ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ എമിറേറ്റ്‌സിലേക്ക് ദുബായ് ഇന്റര്‍നാഷണല്‍ ചേംബര്‍ ആകെ ആകര്‍ഷിച്ചത് 157 കമ്പനികളെയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 93 കമ്പനികളായിരുന്നു. ഇത്തവണ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ 68.8 ശതമാനമാണ് വര്‍ധിച്ചത്. 75 പ്രാദേശിക കമ്പനികളെ പുതിയ ആഗോള വിപണികളിലേക്ക് ചുവടുവെപ്പിക്കുന്നതിനും ചേംബര്‍ പിന്തുണ നല്‍കി. കഴിഞ്ഞ വര്‍ഷം ഇത് 22 കമ്പനികളായിരുന്നു. അന്താരാഷ്ട്ര കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനും ചേംബര്‍ ഈ കമ്പനികള്‍ക്ക് മികച്ച പിന്തുണ നല്‍കി.
ആഗോളതലത്തില്‍ ദുബായ് പ്രമുഖ നിക്ഷേപ കേന്ദ്രമായി മാറുന്നതിന്റെ സൂചനകളാണിതെന്നാണ് വിലയിരുത്തുന്നത്. ദുബായ് ചേംബേഴ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ചേംബറുകളില്‍ ഒന്നാണ് ദുബായ് ഇന്റര്‍നാഷണല്‍ ചേംബര്‍. ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ചേംബര്‍ മേല്‍നോട്ടം നല്‍കി. 'ന്യൂ ഹൊറൈസണ്‍സ്' സംരംഭത്തിന്റെ ഭാഗമായി തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും പശ്ചിമാഫ്രിക്കയിലേക്കും രണ്ട് വ്യാപാര ഇടപെടലുകള്‍ സംഘടിപ്പിച്ചു. വിവിധ കമ്പനികളും വിപണിയിലെ എതിരാളികളും തമ്മില്‍ ഉഭയകക്ഷി ബിസിനസ് യോഗങ്ങള്‍ സംഘടിപ്പിച്ചു. മൊറോക്കന്‍ ഏജന്‍സി ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ്, ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് മൊറോക്കന്‍ എന്റര്‍പ്രൈസസ്, ചേംബര്‍ ഓഫ് കൊമേഴ്സ്, ഇന്‍ഡസ്ട്രി ആന്‍ഡ് സര്‍വീസസ് ഓഫ് കാസാബ്ലാങ്ക-സെറ്റാറ്റ്, ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് സര്‍വീസസ് ഇന്‍ഡസ്റ്റ് എന്നിവയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ദുബായ് ചേംബേഴ്സ് നാല് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.
സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം,ചെയര്‍മാന്‍, ദുബായ് ഇന്റര്‍നാഷണല്‍ ചേംബര്‍
ദുബായ് ഇക്കണോമിക് അജണ്ടയുടെ ലക്ഷ്യങ്ങളെ പിന്തുണച്ച് ദുബായിയുടെ നേട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ചേംബറിന്റെ പ്രതിബദ്ധതയാണ് ഈ നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് ഇന്റര്‍നാഷണല്‍ ചേംബര്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു.