മിയാപ്പദവ്: ഗുണ്ടാസംഘത്തെ പിടികൂടാന്‍ ഇറങ്ങിയ പൊലീസുകാര്‍ക്ക് നേരെ വെടിവെപ്പും ബിയര്‍ക്കുപ്പിയേറും. എസ്.ഐക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 8 മണിയോടെ മിയാപ്പദവ് കുളവയലിലാണ് സംഭവം. ഉപ്പള ഹിദായത്ത് നഗറില്‍ ഇന്നലെ ഉച്ചക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം മിയാപ്പദവില് കാറില്‍ കറങ്ങുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഡി.വൈ.എസ്.പി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കുമ്പള, മഞ്ചേശ്വരം പൊലീസും ഡി.വൈ.എസ്.പി.യുടെ സ്ക്വാഡും പരിശോധനക്ക് ഇറങ്ങിയത്. നാല് ജീപ്പുകളിലും ബസിലുമായി 25 ലേറെ പൊലീസുകാരാണ് ഗുണ്ടാസംഘത്തെ പിടിക്കാന്‍ ഇറങ്ങിയത്. വൈകിട്ട് 6 മണിയോടെ ഗുണ്ടാ സംഘത്തിന്റെ കാര്‍ മിയാപ്പദവില് വെച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും ഇത് പിന്തുടരുന്നതിനിടെ സംഘം പൊലീസിനെ തലങ്ങും വിലങ്ങും ഓടിക്കുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് സംഘം കുളവയലില്‍ എത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസും പിന്നാലെ എത്തി.
പരിശോധനക്കിടെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത സ്വിഫ്റ്റ് കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കാറിനെ പൊലീസ് ജീപ്പില്‍ വലിച്ചുകെട്ടി റോഡിലേക്ക് എടുക്കുന്നതിനിടെ ഐ ട്വന്റി കാറിലെത്തിയ ഗുണ്ടാസംഘം പൊലീസിന് നേരെ ബിയര്‍കുപ്പി എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ബിയര്‍കുപ്പി പൊട്ടിത്തെറിച്ച് സ്ക്വാഡിലെ എസ്.ഐ. ബാലകൃഷ്ണന്റെ കൈക്ക് പരിക്കേറ്റു. ഗുണ്ടാ സംഘത്തെ വളയുന്നതിനിടെ പൊലീസിനെ വെട്ടിച്ച് സംഘം കാറില്‍ കടന്നു കളയുകയായിരുന്നു. സംഘം കര്‍ണാടകയിലേക്ക് രക്ഷപ്പെട്ടതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് സുള്ള്യ, വിട്ട്ള, പുത്തൂര്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു. രാത്രി 1മണിയോടെ വിട്ട്ള പൊലീസ് ഗുണ്ടാ സംഘത്തിന്റെ കാര്‍ തടഞ്ഞുവെച്ചു.
അതിനിടെ സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ വളഞ്ഞുവെച്ചു പിടികൂടി. രണ്ട് പേര് ഓടി രക്ഷപ്പെട്ടു. ഇവരുടെ ഐ ട്വന്റി കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.