മംഗളൂരു: മംഗളൂരു അത്താവറിലെ കെഎംസി ആസ്പത്രിക്ക് സമീപമുള്ള രണ്ട് അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കൊള്ളയടിച്ചു. രണ്ട് കവര്‍ച്ചകളിലും കേസെടുത്ത സൗത്ത് പൊലീസ് മൂന്ന് മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി. ഡല്‍ഹി സ്വദേശികളായ മുഹമ്മദ് ആഷിഫ് (23), ഷെയ്ഖ് മൈദുല്‍ (25), വഖീല്‍ അഹമ്മദ് (34), പശ്ചിമ ബംഗാള്‍ സ്വദേശി റഫീഖ് ഖാന് (24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കെഎംസി അത്താവറിനടുത്തുള്ള രണ്ട് അപ്പാര്‍ട്ടുമെന്റുകളുടെ മുന്‍വാതില്‍ തകര്‍ത്ത് 4.45 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയിലായിരുന്നു കവര്‍ച്ച. ഇതുസംബന്ധിച്ച് പാണ്ഡേശ്വര്‍ പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് പനമ്പൂര്‍ ബീച്ചിന് സമീപം സംശയാസ്പദമായി കറങ്ങിനടന്ന നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇവര്‍ കുറ്റം സമ്മതിച്ചു. സ്വര്‍ണാഭരണങ്ങളും പണവും കൂടാതെ രണ്ട് കട്ടറുകള്‍, രണ്ട് സ്ക്രൂഡ്രൈവറുകള്, മൂര്‍ച്ചയുള്ള ഒരു ഇരുമ്പ് ദണ്ഡ്, ഏഴ് മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
പ്രതികള്‍ ഡല്‍ഹിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് വിവരം. സിസിടിവി ഇല്ലാത്ത പൂട്ടിക്കിടക്കുന്ന വീടുകളും അപ്പാര്‍ട്ടുമെന്റുകളും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സിറ്റി സൗത്ത് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ്, എസ്ഐ മനോഹര്‍ പ്രസാദ്, അനന്ത് മുരുഡേശ്വര്‍, ശീതള്‍ അലഗൂര്, ജ്യോതി ജി, പ്രകാശ് നായിക്, ലക്ഷ്മണ സലോട്ടഗി, ഭാസ്കര്‍ ഹലാഡി എന്നിവരാണ് പ്രതികളെ പിടികൂടിയത്.