മലയാളത്തിന്റെ 'ഗഫൂര്‍ക്ക ദോസ്ത്...'

1990ല്‍ മാമുക്കോയ എന്ന നടന്‍ കത്തി നില്‍ക്കുന്ന സമയം. 1987ലെ നാടോടിക്കാറ്റ് സൂപ്പര്‍ ഹിറ്റായി. അതിലെ കഥാപാത്രം അവതരിപ്പിച്ച മോഹന്‍ലാലിനെയും ശ്രീനിവാസനേയും കള്ള ലോഞ്ചില്‍ കയറ്റി മദിരാശി കടലിലേക്ക് എടുത്തു ചാടാന്‍ പറയുന്ന മാമുക്കോയയുടെ ഗഫൂര്‍ കഥാപാത്രത്തിന് ഇപ്പോഴും യൗവ്വനം തന്നെയാണ്. മാമുക്കോയയുടെ ഗ്രാഫ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന സമയം. പുതിയ സിനിമകളിലെല്ലാം മാമുക്കോയയെ കാസ്റ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും മത്സരിച്ചു കൊണ്ടിരിക്കുന്നു. അന്നാണ് മലയാളത്തിലെ പ്രശസ്ത നിര്‍മ്മാതാവ് സിംന ഹമീദ് എറണാകുളം ഒരു പുതിയ സിനിമ ചെയ്യാന്‍ […]

1990ല്‍ മാമുക്കോയ എന്ന നടന്‍ കത്തി നില്‍ക്കുന്ന സമയം. 1987ലെ നാടോടിക്കാറ്റ് സൂപ്പര്‍ ഹിറ്റായി. അതിലെ കഥാപാത്രം അവതരിപ്പിച്ച മോഹന്‍ലാലിനെയും ശ്രീനിവാസനേയും കള്ള ലോഞ്ചില്‍ കയറ്റി മദിരാശി കടലിലേക്ക് എടുത്തു ചാടാന്‍ പറയുന്ന മാമുക്കോയയുടെ ഗഫൂര്‍ കഥാപാത്രത്തിന് ഇപ്പോഴും യൗവ്വനം തന്നെയാണ്. മാമുക്കോയയുടെ ഗ്രാഫ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന സമയം. പുതിയ സിനിമകളിലെല്ലാം മാമുക്കോയയെ കാസ്റ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും മത്സരിച്ചു കൊണ്ടിരിക്കുന്നു. അന്നാണ് മലയാളത്തിലെ പ്രശസ്ത നിര്‍മ്മാതാവ് സിംന ഹമീദ് എറണാകുളം ഒരു പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. സിനിമ മോഹം കൊണ്ട് ഞാനും എന്റെ കോഴിക്കോട്ടെ സുഹ്യത്തുമായ ഫൈസലും യാദൃശ്ചികമായി ഹമീദ്ക്കയുടെ മുമ്പില്‍ എത്തിപ്പെടുന്നു. ഞാനും ഫൈസലും കൂടി സഹ നിര്‍മ്മാതാവിന്റെ വേഷത്തില്‍ എത്തുന്നു. ബാനര്‍ ജെമി മൂവീസ് നിര്‍മ്മാണം ഹമീദ്. 'പൊന്നരഞ്ഞാണം' എന്നാണ് സിനിമക്ക് പേരിട്ടത്. സംവിധാനം പി.ആര്‍ .എസ് ബാബു. ചിത്രീകരണം എറണാകുളം കാക്കനാടും പരിസരങ്ങളിലുമായിരുന്നു. മഹേഷ്, ബൈജു, ഗണേഷ് കുമാര്‍ തുടങ്ങി നിരവധി നടന്‍മാര്‍ക്കൊപ്പം ഇന്നസെന്റും മാമുക്കോയയും അഭിനയിക്കുന്നു. ഇന്നസെന്റിനും മാമുക്കോയയ്ക്കും ചെറിയ വേഷമായിരുന്നുവെങ്കിലും വളരെ തന്‍മയത്തോടെ അഭിനയിച്ച് ഏതാനും ദിവസം തങ്ങി പോവുകയായിരുന്നു. ഷൂട്ടിങ്ങിനിടെ കിട്ടുന്ന സമയങ്ങളില്‍ ഞങ്ങള്‍ മാമുക്കോയക്ക് ചുറ്റുമിരിക്കും. തനി കോഴിക്കോടന്‍ ഭാഷയില്‍ നര്‍മം ചൊരിയുമ്പോള്‍ സമയം പോകുന്നതറിയില്ല. കാലം ഓടി കൊണ്ടിരുന്നു. ഒരു ദിവസം മാമുക്കോയ കാസര്‍കോട് വരുന്നുണ്ടെന്ന് മൊഗ്രാലിലെ ഏതാനും സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു. ഉത്തരദേശത്തിന് അഭിമുഖത്തിനായി ഞാന്‍ മൊഗ്രാലിലെ ഒരു വീട്ടില്‍ ചെന്ന് കണ്ടു. വളരെ കൂളായി അഭിമുഖം തന്നു. പഴയ 'പൊന്നരഞ്ഞാണം' സിനിമയുടെ കാര്യം ഞാനെടുത്തിട്ടു. പുള്ളി മറന്നിട്ടില്ല. പിന്നീട് അദ്ദേഹത്തോടൊപ്പം കോഴിക്കോട് പോകുന്ന വഴി ഞാനും കാറില്‍ കയറി ആ യാത്രക്കിടെയുള്ള സംഭാഷണത്തിനിടയില്‍ സമകാലിക രാഷ്ട്രീയങ്ങളും കടന്നുവന്നു. ഞാന്‍ കാസര്‍കോട്ടിറങ്ങാന്‍ നേരം സ്‌നേഹത്തോടെ മൊബൈല്‍ ഫോണ്‍ നമ്പറും കുറിച്ച് തന്നു.
മാമുക്കോയ ഒരു സിനിമാ നടന്‍ മാത്രമായിരുന്നില്ല. തനി നാട്ടിന്‍പുറത്ത്കാരനായിരുന്നു. തനി പച്ച മനുഷ്യന്‍ എന്ന് പറയുന്നതാവും കൂടുതല്‍ ഭംഗി. മാമുക്കോയ സംസാരിക്കുമ്പോഴൊക്കെ കോഴിക്കോട് കടന്നുവരും അതില്‍ വൈക്കം മുഹമ്മദ് ബഷീറും എം.ടി യുമൊക്കെയുണ്ടാവും. കോഴിക്കോട് ഭാഷയുടെ നര്‍മ്മം കലര്‍ന്ന സംഭാഷണം. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമൊക്കെ മാമുക്കോയയില്‍ നിന്നും ഊറ്റിയെടുക്കാവുന്ന നര്‍മ്മം എടുത്തിരുന്നു. ഇവര്‍ മാമുക്കോയയക്ക് വലിയ പ്രതിഛായ നല്‍കി. രാഷ്ട്രീയ വിഷയങ്ങള്‍ മാമുക്കോയ പറയുമ്പോള്‍ കൃത്യമായ ഭാഷയുണ്ടായിരുന്നു. വിവാദ വിഷയങ്ങളായ ടി.പി ചന്ദ്രശേഖരനും ലൗ ജിഹാദുമൊക്കെ കടന്നുവന്ന പ്പോള്‍ സൗഹാര്‍ദ്ദത്തിന് മണ്ണ് വാരിയിടുന്ന വിഷയങ്ങളായിരുന്നുവെന്നാണ് മാമുക്കോയ പ്രതികരിച്ചിരുന്നത്. വൃദ്ധ സദനത്തിലേക്ക് മാതാപിതാക്കളെ മക്കള്‍ തള്ളിയിട്ടപ്പോഴും മാമുക്കോയ വാളോങ്ങിയത് തള്ളിയിടുന്നവര്‍ക്കെതിരേയാണ്. അഭിനയിക്കുമ്പോഴും സമൂഹത്തിലെ ഓരോ ചലനങ്ങളെയും സൂക്ഷമതയോടെ കണ്ടു പ്രതികരിച്ചു. തെളിച്ചപ്പാടുള്ള നിലപാടും ലക്ഷണമൊത്ത രാഷ്ട്രീയവും ഉണ്ടായിരുന്നു മാമുക്കോയക്ക്. കോഴിക്കോട്ടെ വലിയങ്ങാടിയിലും കല്ലായിലും നമുക്ക് മാമുക്കോയയെ കണ്ടുമുട്ടാം. അത്തരം കഥാപാത്രങ്ങള്‍ അവിടെയുണ്ട്. കോഴിക്കോടന്‍ ശൈലിയില്‍ സിനിമയിലെത്തിയ പപ്പുവിന്റെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു. എത്രയെത്ര കഥാപാത്രങ്ങള്‍. ഓരോ കഥാപാത്രങ്ങളിലും തനി കോഴിക്കോടന്‍ നാട്ടുഭാഷ. പല്ല് പുറത്ത് കാണിക്കുമ്പോള്‍ തന്നെ തീയേറ്ററുകളില്‍ ചിരി പടരും. ദാരിദ്ര്യത്തില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയിട്ടും മാമുക്കോയ നാട്ടുകാരുടെ സ്വന്തം മാമുവായി തന്നെ അറിയപ്പെട്ടു. അറിയാന്‍ ആഗ്രഹിച്ചു. ഷൂട്ടിങ്ങില്ലാത്ത ദിവസം നാട്ടുകാരനായി തന്നെ ജീവിച്ചു. അസുഖം ബാധിച്ച പ്പോള്‍ അതിനെ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ കണ്ടു. ജീവിതത്തില്‍ എല്ലാം കടന്നുവരും എന്നാണ് മാമുക്കോയ സഹപ്രവര്‍ത്തകരോട് തനി നാട്ടുമ്പുറത്തുകാരനായി പറഞ്ഞത്. ഗഫൂര്‍ക്കയായി മലയാള പ്രേക്ഷക മനസില്‍ ഇടം നേടിയ മാമുക്കോയ എന്നും ഓര്‍മിക്കും.


-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it