സ്വന്തം അനുഭവങ്ങള്‍ തൊട്ട് അന്താരാഷ്ട്ര വിശേഷങ്ങള്‍ വരെ; എല്ലാമുണ്ട് ഷമീം തങ്ങളുടെ ഡയറിയില്‍

കാസര്‍കോട്: എത്ര വലിയ രഹസ്യങ്ങളെയും മാനം കാണിക്കാതെ സൂക്ഷിച്ചു വെക്കാനും അടുത്തവരോട് പോലും പങ്ക് വെങ്കാത്ത കാര്യങ്ങള്‍ അങ്ങിനെ തന്നെ കുറിച്ചുവെക്കാനും നിര്‍ണായകമായ ജീവിത നിമിഷങ്ങളെ യഥാസമയം കോറിയിയിടാനും പിന്നീടുള്ള കാലങ്ങളില്‍ അവയിലൂടെ കണ്ണോടിച്ച് ഓര്‍മ്മകള്‍ അയവിറക്കാനും പലരും ശീലിച്ചൊരു ഹോബിയാണ് ഡയറി എഴുത്ത്. ശരിക്കും ആത്മാവിന്റെ സൂക്ഷിപ്പുകാരാണ് ഡയറികള്‍. ആത്മനിവേദനം കണക്കെ സ്വന്തം അഭിപ്രായ പ്രകടനത്തെ തൃപ്തിപ്പെടുത്താന്‍ ഡയറി എഴുതുന്നവരുമുണ്ട്. ഇവിടെ ഡയറി എഴുത്തിലെ വ്യത്യസ്തമായൊരു വഴിയിലാണ് കുമ്പോല്‍ സയ്യിദ് മുഹമ്മദ് ഷമീം തങ്ങളുടെ സഞ്ചാരം. […]

കാസര്‍കോട്: എത്ര വലിയ രഹസ്യങ്ങളെയും മാനം കാണിക്കാതെ സൂക്ഷിച്ചു വെക്കാനും അടുത്തവരോട് പോലും പങ്ക് വെങ്കാത്ത കാര്യങ്ങള്‍ അങ്ങിനെ തന്നെ കുറിച്ചുവെക്കാനും നിര്‍ണായകമായ ജീവിത നിമിഷങ്ങളെ യഥാസമയം കോറിയിയിടാനും പിന്നീടുള്ള കാലങ്ങളില്‍ അവയിലൂടെ കണ്ണോടിച്ച് ഓര്‍മ്മകള്‍ അയവിറക്കാനും പലരും ശീലിച്ചൊരു ഹോബിയാണ് ഡയറി എഴുത്ത്. ശരിക്കും ആത്മാവിന്റെ സൂക്ഷിപ്പുകാരാണ് ഡയറികള്‍. ആത്മനിവേദനം കണക്കെ സ്വന്തം അഭിപ്രായ പ്രകടനത്തെ തൃപ്തിപ്പെടുത്താന്‍ ഡയറി എഴുതുന്നവരുമുണ്ട്. ഇവിടെ ഡയറി എഴുത്തിലെ വ്യത്യസ്തമായൊരു വഴിയിലാണ് കുമ്പോല്‍ സയ്യിദ് മുഹമ്മദ് ഷമീം തങ്ങളുടെ സഞ്ചാരം. കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന ശീലം ഇപ്പോഴും മാറാല പിടിക്കാതെ കൊണ്ട് നടക്കുകയാണ് ഷമീം. മാഗസിന്‍ പോലെ മനോഹരമാണ് തങ്ങളുടെ ഓരോ ഡയറിയും. സ്വന്തം സന്തോഷങ്ങളും ദുഖ:ങ്ങളും അനുഭവങ്ങളും മാത്രമാവാതെ ലോകത്തിന്റെയും രാജ്യത്തിന്റെയും കേരളത്തിന്റെയും കാസര്‍കോടിന്റെയും സ്വന്തം നാടിന്റെയും ദൈനം ദിന വിശേഷങ്ങള്‍, നേട്ടങ്ങള്‍, നഷ്ടങ്ങള്‍, പ്രധാന സംഭവങ്ങള്‍ തുടങ്ങിയവയൊക്കെ അന്നന്ന് തന്നെ കുറിച്ചുവെക്കുകയാണ് ഷമീം. ഇതോടൊപ്പം പത്രങ്ങളില്‍ വന്ന ചിത്രങ്ങള്‍ മുറിച്ചെടുത്ത് ചേര്‍ത്ത് വെക്കും. വ്യത്യസ്ത നിറങ്ങളിലുള്ള പേനകളായിരിക്കും ഉപയോഗിക്കുക. എഴുത്തുകള്‍ക്കിടയില്‍ ചിത്രങ്ങള്‍ കോറിയിട്ടും മനോഹരമാക്കും. ഫോട്ടോ ആള്‍ബമെന്ന പോലെ ഭൂതകാലത്തിന്റെ ദൃശ്യ രേഖയായി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവ അടുത്തുണ്ടാവും. ഒഴിവു സമയങ്ങളില്‍ ഡയറിത്താളുകള്‍ മറിച്ചു നോക്കുമ്പോള്‍ അമൂല്യമായ ആ പഴയ നിമിഷങ്ങളും അവ ഉളവാക്കിയ കൗതുകങ്ങളും വികാരങ്ങളുമൊക്കെ കൂട്ടിനെത്തും.
2000ല്‍ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഡയറി എഴുത്ത് തുടങ്ങിയതെന്ന് ഷമീം തങ്ങള്‍ പറയുന്നു. വായനയോടുള്ള താല്‍പര്യം കണ്ടറിഞ്ഞ് പിതൃ സഹോദരന്‍ ഡോ. സയ്യിദ് സിറാജ് തങ്ങളാണ് ഡയറി സമ്മാനിച്ചത്. എഴുതിത്തുടങ്ങൂ എന്ന ഉപദേശവും. സ്‌കൂള്‍ വിശേഷങ്ങളും അനുഭവങ്ങളും ചെറുവാക്കുകളിലൊതുക്കി നിത്യേനയുള്ള ഡയറി എഴുത്ത് തുടങ്ങി. തുടക്കത്തില്‍ പിതാവ് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ ഡയറി വായിക്കുകയും എഴുത്തു വഴിയില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ദിനേന രണ്ടിലേറെ പത്രങ്ങള്‍ വായിക്കുന്നത് ചെറുപ്പത്തിലെ ശീലിച്ചു. അതിനിടെയാണ് പത്രങ്ങളില്‍ കണ്ട പ്രധാന സംഭവങ്ങളെയും കൗതുക കാര്യങ്ങളെയും തന്റെ ഡയറിയിലേക്ക് പകര്‍ത്താനുള്ള ആശ ജനിക്കുന്നത്. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടെ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തെ കുറിച്ചും ഇ.കെ നായനാരുടെയും യാസര്‍ അറഫാത്തിന്റെയും നിര്യാണവും എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതുമൊക്കെയാണ് 2004ലെ ഡയറിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പി.കെ.വിയുടേയും സുലൈമാന്‍ സേട്ട് സാഹിബിന്റെയും ഫഹദ് രാജാവിന്റെയുമൊക്കെ നിര്യാണം 2005ലെ ഡയറിയില്‍ ദുഖവാര്‍ത്തയായി തളംകെട്ടി നില്‍ക്കുന്നു. പിണറായി വിജയന്‍ നയിച്ച കേരള മാര്‍ച്ചും മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിന്റെ അട്ടിമറി വിജയവുമൊക്കെയാണ് 2006 ഡയറിയിലെ നിറമണിഞ്ഞ വിശേഷങ്ങള്‍. നാനോ കാര്‍ പുറത്തിറങ്ങിയതും ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലെത്തിയതും ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപക്ഷം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതുമൊക്കെ 2008ലെ ഡയറിയില്‍ കാണാം. ഗള്‍ഫിലുണ്ടായിരുന്ന മൂന്നുവര്‍ഷക്കാലം ഡയറി എഴുതാനാവാത്തത് ഷമീം തങ്ങള്‍ വലിയ നഷ്ടമായാണ് കാണുന്നത്. ഡയറി എഴുത്തിന് പുറമെ നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും ഷമീം തങ്ങള്‍ എഴുതിവരുന്നുണ്ട്. കുമ്പോല്‍ പാപംകോയ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും ചേവാര്‍ ഉമര്‍ ഖത്താബ് പള്ളി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചുവരുന്ന ഷമീം തങ്ങള്‍ തിരക്കുകള്‍ക്കിടയിലും ദിനേന മുക്കാല്‍ മണിക്കൂറോളമാണ് ഡയറി എഴുത്തിനായി മാറ്റിവെക്കുന്നത്.

Related Articles
Next Story
Share it