കൊച്ചി: ചുരുളി സിനിമയില്‍ ഉപയോഗിച്ച ഭാഷാപ്രയോഗത്തിനെതിരെ ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് നിരീക്ഷിച്ച കോടതി അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസയച്ചു. സിനിമയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി നോട്ടീസയച്ചത്. ചിത്രം പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണന്നും ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
ജസ്റ്റിസ് എന്‍ നഗരേഷ് ഹര്‍ജി പരിഗണിച്ചത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണന്നും ചുരളിയിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചതെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.
ഹര്‍ജിയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സോണി മാനേജിംഗ് ഡയറക്ടര്‍, സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.