മഞ്ഞക്കണ്ണീരിന് പിന്നാലെ നീലപ്പുഞ്ചിരി; അര്‍ജന്റീന സെമിയില്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ മഞ്ഞത്തിരയടങ്ങിയെങ്കിലും നീലാകാശം വിടര്‍ന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ട് ബ്രസീല്‍ മടങ്ങിയതിന് പിന്നാലെ നടന്ന രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലാന്റ്‌സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ലാറ്റിനമേരിക്കന്‍ സ്വപ്ന ഫുട്‌ബോളിന്റെ വക്താക്കളായി അര്‍ജന്റീന സെമി പ്രവേശനം നേടി. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം നടന്ന ക്വാര്‍ട്ടറില്‍ നെതര്‍ലാന്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പിച്ചാണ് സെമിയിലേക്ക് മെസിപ്പടയുടെ പടയോട്ടം. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്റീന ഗോളി എമി മാര്‍ട്ടിനസ് കളിയിലെ വീരനായകനായി. ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് […]

ദോഹ: ഖത്തര്‍ ലോകകപ്പില്‍ മഞ്ഞത്തിരയടങ്ങിയെങ്കിലും നീലാകാശം വിടര്‍ന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ട് ബ്രസീല്‍ മടങ്ങിയതിന് പിന്നാലെ നടന്ന രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലാന്റ്‌സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ലാറ്റിനമേരിക്കന്‍ സ്വപ്ന ഫുട്‌ബോളിന്റെ വക്താക്കളായി അര്‍ജന്റീന സെമി പ്രവേശനം നേടി. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം നടന്ന ക്വാര്‍ട്ടറില്‍ നെതര്‍ലാന്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പിച്ചാണ് സെമിയിലേക്ക് മെസിപ്പടയുടെ പടയോട്ടം. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്റീന ഗോളി എമി മാര്‍ട്ടിനസ് കളിയിലെ വീരനായകനായി. ഇരു ടീമുകളും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഒരു ഗോളും അസിസ്റ്റുമായി മെസി അര്‍ജന്റീനക്കായും ഇരട്ട ഗോളുമായി വൗട്ട് നെതര്‍ലാന്റിനായും തിളങ്ങി.
ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനുറ്റില്‍ നെതര്‍ലാന്റ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് മെസി മറിച്ചുനല്‍കിയ പന്ത് മൊളീന ഗോളാക്കിയത്. അര്‍ജന്റീനക്കായി മൊളീനയുടെ ആദ്യ ഗോളാണിത്.
63-ാം മിനുറ്റില്‍ മെസിയുടെ മഴവില്‍ ഫ്രീകിക്ക് ബാറിനെ തൊട്ടുരുമി കടന്നുപോയി. മെസിയുടെ ഊഴം വരുന്നതെയുണ്ടായിരുന്നുള്ളൂ. 72-ാം മിനുറ്റില്‍ അക്യൂനയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഡച്ച് ഗോളി ആന്ദ്രേസ് നോപ്പെര്‍ട്ടിനെ വെറും നോക്കുകുത്തിയാക്കി അനായാസം മെസി വലയിലെത്തിച്ചു.
അതേസമയം 83-ാം മിനുറ്റില്‍ നെതര്‍ലാന്റ്‌സിന്റെ ആദ്യ മറുപടിയെത്തി. വൗട്ട് വേഹോര്‍സ്ടായിരുന്നു സ്‌കോറര്‍. എങ്കിലും അര്‍ജന്റീന 2-1ന് മത്സരം വിജയിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി. 90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്ന നെതര്‍ലന്‍ഡ്സ് രണ്ട് മിനുറ്റിനുള്ളില്‍ സമനില ഗോള്‍ കണ്ടെത്തിയതോടെയാണ് വന്‍ ട്വിസ്റ്റുണ്ടായത്. ഇഞ്ചുറിടൈമിന്റെ അവസാന സെക്കന്‍ഡില്‍ തന്ത്രപരമായി ഫ്രീകിക്കിലൂടെ വൗട്ട് ഗോള്‍ നേടി നെതര്‍ലന്റ്‌സിനെ സമനിലയില്‍ എത്തിക്കുകയായിരുന്നു.
ഇതോടെ തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടര്‍ മത്സരവും എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ഒടുവില്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ കണ്ടത് അര്‍ജന്റീനന്‍ ഗോളി എമിയുടെ മായാക്കാഴ്ചകളും അവരുടെ സെമി പ്രവേശനവുമായിരുന്നു.
വാന്‍ഡൈക്കിന്റെ ആദ്യ കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടു. അര്‍ജന്റീനക്കായി മെസിയുടെ മറുപടി നിസ്സാരമായി വലയിലെത്തി. സ്റ്റീവന്റെ രണ്ടാം കിക്കും മാര്‍ട്ടിനസിന്റെ പറക്കലില്‍ അവസാനിച്ചു. എന്നാല്‍ അര്‍ജന്റീനക്കായി പരേഡെസ് ലക്ഷ്യംകണ്ടു. പിന്നാലെ മൂന്നാം കിക്ക് ഇരു ടീമുകളും വലയിലെത്തിച്ചു. ഡച്ചിനായി കോപ്‌മെനാഷും അര്‍ജന്റീനക്കായി മൊണ്ടൈലുമാണ് കിക്കെടുത്തത്. വൗട്ടിന്റെ നാലാം കിക്ക് ഗോളായപ്പോള്‍ എന്‍സോയുടെ കിക്ക് പാഴായി. ഡി ജോങിന്റെ അഞ്ചാം കിക്ക് നെതര്‍ലന്‍ഡ്സ് വലയിലെത്തിച്ചപ്പോള്‍ ലൗട്ടാരോയുടെ അവസാന ഷോട്ട് വല കുലുക്കിയതോടെ അര്‍ജന്റീന 4-3ന് വിജയം സ്വന്തമാക്കി.
ഇന്ന് 8.30ന് പോര്‍ച്യുഗല്‍ മൊറോക്കോയേയും 12.30ന് ഇംഗ്ലണ്ട് ഫ്രാന്‍സിനേയും നേരിടും.

Related Articles
Next Story
Share it