മൃദുവായ ചപ്പാത്തിയുണ്ടാക്കാം: ഈ വിദ്യകള്‍ പരീക്ഷിക്കൂ

കല്ലുപോലുള്ള ചപ്പാത്തി എന്ന പരിഹാസം കേട്ട് മടുത്ത വീട്ടമ്മമാര്‍ക്ക് ഇനി വളരെ മൃദുവായവ ഉണ്ടാക്കാം. ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ശരിയായ വണ്ണം കുഴക്കാത്തതാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. കുഴക്കുമ്പോള്‍ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാം. പിന്നെ ചപ്പാത്തി തീരുന്ന വഴി കാണില്ല.
1. മാവ് കൈകള്‍ കൊണ്ട് പത്തുമിനിറ്റ് നന്നായി കുഴച്ചെടുക്കണം.
2. കൈവിരലുകള്‍ കൊണ്ട് പതിയെ അമര്‍ത്തുമ്പോള്‍ കുഴിഞ്ഞു കിട്ടുന്ന പരുവത്തില്‍ വേണം മാവ് തയാറാക്കാന്‍.
3. ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് വേണം കുഴച്ചെടുക്കാന്‍, അല്‍പം എണ്ണയും ഇടാം.
4. മാവ് കുഴച്ചശേഷം നനഞ്ഞ തുണികൊണ്ട് 20 മിനിറ്റെങ്കിലും മൂടി വയ്ക്കണം. അതിനുശേഷം ചപ്പാത്തി പരത്തിയെടുക്കാം
5. പരത്തുമ്പോള്‍ എല്ലാവശവും ഒരേ കനത്തില്‍ വരാന്‍ ശ്രദ്ധിക്കണം.
6. പരത്തിയ ശേഷം അധികമുള്ള പൊടി നന്നായി തട്ടി കളഞ്ഞശേഷം ചുട്ടെടുക്കാം.
7. മാവ് പരത്താന്‍ പറ്റാത്ത വിധം നനവ് കൂടിപ്പോയാല്‍ ആവശ്യത്തിന് പൊടിയിട്ട് വീണ്ടും കുഴച്ചെടുക്കാം.
8. പാന്‍ നേരത്തെ ചൂടാക്കി വച്ചശേഷം മീഡിയം തീയില്‍ വേവിച്ചെടുക്കാം.
9. വേവിച്ച ശേഷം ചപ്പാത്തിക്ക് മുകളില്‍ നെയ്യോ ഒലിവ് ഓയിലോ പുരട്ടിയാല്‍ കൂടുതല്‍ മൃദുവാകും.
10. മാവ് തയാറാക്കുമ്പോള്‍ കട്ടി കൂടി പോയാല്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം കൂടി ചേര്‍ത്ത് വീണ്ടും നന്നായി കുഴച്ച് എടുക്കണം.