ഇറച്ചിക്കറി പോലൊരു ഉരുളക്കിഴങ്ങ് കറി; കുട്ടികളെയും മുതിര്‍ന്നവരേയും കയ്യിലെടുക്കാം

കുട്ടികളെയും മുതിര്‍ന്നവരേയും കയ്യിലെടുക്കാന്‍ ഇറച്ചിക്കറിയുടെ രുചിയില്‍ ഉരുളക്കിഴങ്ങ് കൊണ്ട് സൂപ്പര്‍ കറി ഉണ്ടാക്കാം. ചപ്പാത്തി, പൂരി, പത്തിരി,ദോശ തുടങ്ങിയ പലഹാരങ്ങളോടൊപ്പമെല്ലാം കഴിക്കാന്‍ ഇത് നല്ലതാണ്. പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഈ മസാല കറി തയ്യാറാക്കുന്നത്.

പ്രത്യേകിച്ച് പച്ചക്കറി മാത്രം ഉണ്ടാക്കുന്ന വീടുകളില്‍ ഒരേ രീതിയിലുള്ള കറി തന്നെ സ്ഥിരമായി ഉണ്ടാക്കിയാല്‍ പെട്ടെന്ന് മടുക്കും. അത്തരം അവസരങ്ങളില്‍ വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് ഇറച്ചിക്കറിയുടെ അതേ രുചിയില്‍ എങ്ങനെ ഒരു ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍:

ഉരുളകിഴങ്ങ് - 3 എണ്ണം

സവാള - 1 ഇടത്തരം

തക്കാളി - 1 എണ്ണം

ഇഞ്ചി ചതച്ചത് - 1 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി - 1 ടേബിള്‍ സ്പൂണ്‍

കറിവേപ്പില - ഒരു തണ്ട്

മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍

മുളകുപൊടി - 2 ടീസ്പൂണ്‍

മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍

ഗരംമസാലപൊടി - 1/2 ടീസ്പൂണ്‍

വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍

കടുക് - 1/4 ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്നവിധം

ഒരു കുക്കറില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ കടുക് പൊട്ടിച്ചശേഷം കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് ഒന്ന് ഇളക്കിയതിന് ശേഷം സവാള ചേര്‍ത്ത് വഴറ്റണം. കുറച്ച് ഉപ്പും ചേര്‍ത്ത് വഴറ്റാം. ഇതില്‍ മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല പൊടി എന്നിവ ചേര്‍ത്ത് കൊടുക്കാം, പൊടികളുടെ പച്ചമണം മാറുന്നതുവരെ ചെറുതീയില്‍ ഇളക്കണം. ഇതില്‍ തക്കാളിയും ചേര്‍ത്ത് വഴറ്റാം. ഇതില്‍ ഉരുകിഴങ്ങ് ചേര്‍ത്ത് കൊടുക്കാം, ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് 2 വിസ്സില്‍ വരുന്നത് വരെ വേവിക്കണം. ഒടുവില്‍ ഇതില്‍ മല്ലിയില ചേര്‍ത്ത് വിളമ്പാം.

Related Articles
Next Story
Share it