ഹോട്ടലുകളില്‍ കിട്ടുന്ന അതേ രുചി; മസാലദോശ ഇങ്ങനെ ഉണ്ടാക്കിയാലോ

മസാല ദോശ എല്ലാവര്‍ക്കും ഇഷ്ടമാണ്. മസാല ദോശയ്‌ക്കൊപ്പം നല്ല രുചികരമായ ചട് ണിയും സാമ്പാറുമെല്ലാം കഴിക്കുന്നത് സൂപ്പറാണ്. സാധാരണയായി മസാല ദോശ കഴിക്കാന്‍ തോന്നുമ്പോള്‍ എല്ലാവരും ഹോട്ടലുകളില്‍ പോയി വാങ്ങി കഴിക്കുന്ന പതിവായിരിക്കും.

കാരണം എത്ര ശ്രമിച്ചാലും ഹോട്ടലില്‍ നിന്നും ലഭിക്കുന്ന മസാല ദോശയുടെ രുചി വീട്ടിലുണ്ടാക്കുമ്പോള്‍ ലഭിക്കുന്നില്ല എന്നായിരിക്കും പരാതി. എന്നാല്‍ ഹോട്ടലില്‍ ലഭിക്കുന്ന അതേ രുചിയില്‍ മസാലദോശ വീട്ടില്‍ തയ്യാറാക്കാം. രാവിലെയോ വൈകുന്നേരങ്ങളിലോ മസാല ദോശ ചൂടോടെ തയാറാക്കാം. ഒപ്പം സിമ്പിള്‍ സാമ്പാറും ചട് ണിയും ഉണ്ടാക്കിയാലോ. എല്ലാവര്‍ക്കും ഇഷ്ടമാകും.

ചേരുവകള്‍

ദോശ

പച്ചരി - 2 കപ്പ്

ഉഴുന്ന് - 1/2 കപ്പ്

ഉലുവ - 1 സ്പൂണ്‍

ചോറ് - 1 കപ്പ്

സാമ്പാര്‍

സാമ്പാര്‍ പരിപ്പ് - 1/2 കപ്പ്

സവാള - 1 എണ്ണം

പച്ചമുളക് - 3 എണ്ണം

വെള്ളരിക്ക - 1 കഷ്ണം

ഉരുളക്കിഴങ്ങ് - 1 എണ്ണം

പുളി - നെല്ലിക്ക വലുപ്പത്തില്‍

മഞ്ഞള്‍ പൊടി - 1/2 സ്പൂണ്‍

മുളകുപൊടി ഉപ്പ് - 1 സ്പൂണ്‍

മല്ലി പൊടി - 1/2 സ്പൂണ്‍

കായം - 1 കഷ്ണം

വെളിച്ചെണ്ണ - 3 സ്പൂണ്‍

കടുക് - 1 സ്പൂണ്‍

ഉലുവ - 1/2 സ്പൂണ്‍

ജീരകം - 1/2 സ്പൂണ്‍

വറ്റല്‍ മുളക് - 3 എണ്ണം

കറിവേപ്പില

മസാല

ഉരുളക്കിഴങ്ങ് - 4 എണ്ണം

തക്കാളി - 1 എണ്ണം

സവാള - 2 എണ്ണം

പച്ചമുളക് - 3 സ്പൂണ്‍

കറിവേപ്പില

ഉപ്പ് - ആവശ്യത്തിന്

മഞ്ഞള്‍ പൊടി - 1/2 സ്പൂണ്‍

കടുക് - 1/2 സ്പൂണ്‍

ഉഴുന്ന് പരിപ്പ് - 1 സ്പൂണ്‍

സാമ്പാര്‍ ജീരകം - 1/2 സ്പൂണ്‍

വട്ടല്‍ മുളക് - 1 എണ്ണം

കറിവേപ്പില

ഇഞ്ചി ചതച്ചത് - 1/2 സ്പൂണ്‍

ചമ്മന്തി

സവാള

പുളി

വെളിച്ചെണ്ണ

വറ്റല്‍ മുളക്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് പച്ചരിയും ഉഴുന്നും ഉലുവയും ഇട്ട് നന്നായി കഴുകിയശേഷം വെള്ളമൊഴിച്ച് അടച്ച് വയ്ക്കുക. മിനിമം നാലുമണിക്കൂര്‍ എങ്കിലും അടച്ചുവെക്കുക. നാലു മണിക്കൂറിനുശേഷം വെള്ളമൂറ്റി കളഞ്ഞ് പകുതി പച്ചരിയും ഉലുവയും ഉഴുന്നുപരിപ്പും കൂടി വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ബാക്കി പകുതി ചോറ് കൂടിയിട്ട് അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലാക്കി രാത്രി മുഴുവന്‍ റസ്റ്റ് ചെയ്യാന്‍ വയ്ക്കുക.

സാമ്പാര്‍

പരിപ്പും, സവാളയും, തക്കാളിയും, പച്ചമുളകും, വെള്ളരിക്കയും, ഉരുളക്കിഴങ്ങും മഞ്ഞള്‍ പൊടിയും, മല്ലിപ്പൊടിയും, മുളകുപൊടിയും, ഉപ്പ്, കായം എന്നിവയെല്ലാം ഇട്ട് വെള്ളം മുകളില്‍ നില്‍ക്കുന്ന രീതിയില്‍ ഒഴിച്ചു കൊടുത്ത് കുക്കര്‍ രണ്ട് വിസില്‍ അടുപ്പിക്കുക.

ആവി പോയ ശേഷം കുക്കര്‍ തുറന്ന് അതിലേക്ക് പുളി പിഴിഞ്ഞ വെള്ളവും കൂടി ഒഴിക്കുക. ഇത് കുറച്ചുനേരം നന്നായി തിളപ്പിക്കുക. ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും, ജീരകവും, ഉലുവയും, വറ്റല്‍മുളകും വേപ്പില ഇട്ട് മൂപ്പിച്ച് സാമ്പാറിന് മുകളില്‍ ഒഴിച്ചു കൊടുത്ത് ഇളക്കുക. സാമ്പാര്‍ റെഡി.

മസാല

ഒരു കുക്കറിലേക്ക് ഉരുളക്കിഴങ്ങും സവാളയും തക്കാളിയും പച്ചമുളകും ആവശ്യത്തിന് ഉപ്പും മഞ്ഞള്‍ പൊടിയും ഇട്ട് നന്നായി വേവിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ടു പൊടിച്ച ശേഷം ഉഴുന്നും, ജീരകവും, വേപ്പിലയും, വറ്റല്‍ മുളകും, ഇഞ്ചി ചതച്ചതും എല്ലാം ഇട്ടു മൂപ്പിച്ച് ഉരുളക്കിഴങ്ങ് കൂടി അതിലേക്ക് ഇട്ട് ഉടച്ചുകൊടുത്തു നന്നായി മിക്‌സ് ചെയ്യുക. മസാല കൂട്ട് റെഡി

ചമ്മന്തി

ഒരു മിക്‌സിയുടെ ജാറിലേക്ക് സവാളയും ചുട്ടെടുത്ത വറ്റല്‍ മുളകും ഉപ്പും ആവശ്യത്തിന് പുളിയും ഇട്ട് നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്തത് ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ച് വെളിച്ചെണ്ണ കൂടി ഇട്ട് നന്നായി മിക്‌സ് ചെയ്യുക. അപ്പോള്‍ ചമ്മന്തി റെഡി.

ഒരു ദോശ ചട്ടി വെച്ച് അതിലേക്ക് ദോശ മാവ് ഒഴിച്ച് നന്നായി വട്ടത്തില്‍ പരത്തിയശേഷം മൊരിഞ്ഞു വരുമ്പോള്‍ അതിന്റെ നടുവിലായി നമ്മള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മസാല ഇട്ടുകൊടുക്കുക. ശേഷം രണ്ട് അറ്റവും മടക്കിയാല്‍ മസാല ദോശ റെഡി.

Related Articles
Next Story
Share it