നല്ല മൃദുവായ ഇടിയപ്പം തയാറാക്കിയാലോ?

നല്ല ചൂടുള്ള ഇടിയപ്പം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അത് ഉണ്ടാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ളതിനാല്‍ പലരും മടിക്കാറുണ്ട്. ഒഴിവു ദിവസങ്ങളില്‍ മാത്രമാണ് പലരും ഇടിയപ്പം ഉണ്ടാക്കാറുള്ളത്. ഇടിയപ്പത്തിന് മുട്ടക്കറി ബെസ്റ്റ് കോമ്പിനേഷനാണ്. മാത്രമല്ല, കടലക്കറിയും വെജിറ്റബിള്‍ കുറുമയും, തേങ്ങാ പാലും ചിക്കന്‍ കറിയുമെല്ലാം ഇടിയപ്പത്തിനൊപ്പം കഴിക്കാവുന്നതാണ്.

അരിപ്പൊടിയില്‍ ചൂടുവെള്ളം ചേര്‍ത്താണ് ഇടിയപ്പം സാധാരണ ഉണ്ടാക്കാറുള്ളത്. ചൂടു വെള്ളത്തില്‍ അരിപ്പൊടി കുഴച്ചെടുക്കണമെന്ന് ഓര്‍ക്കുമ്പോള്‍ പലര്‍ക്കും മടിയാണ്. കൈപ്പൊള്ളും എന്നത് തന്നെയാണ് പ്രശ്‌നം. ഇനി ചൂടുവെള്ളം ചേര്‍ക്കാതെ അരിപ്പൊടിയില്‍ പച്ചവെള്ളം ഒഴിച്ച് നല്ല മൃദുവായ ഇടിയപ്പം തയാറാക്കാവുന്ന രീതിയും ഉണ്ട്. അത് പരീക്ഷിക്കാം.

ആവശ്യമായ ചേരുവകള്‍

അരിപ്പൊടി - 1 കപ്പ്

തണുത്ത വെള്ളം - 1 കപ്പ്

ഉപ്പ് - ആവശ്യത്തിന്

തേങ്ങ - ആവശ്യത്തിന്

വെളിച്ചെണ്ണ -3-4സ്പൂണ്‍

തയാറാക്കുന്നവിധം

ഒരുകപ്പ് അരിപ്പൊടിയിലേക്ക് അതേ അളവില്‍ തന്നെ പച്ചവെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കികൊടുക്കാം. ശേഷം മിക്‌സിയുടെ ജാറിലേക്ക് ചേര്‍ത്ത് നന്നായി അരച്ച് വെള്ളം പോലെയെടുക്കാം. ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഈ അരച്ചതും ചേര്‍ത്ത് ഗ്യാസിലേക്ക് വയ്ക്കാം. തീ കുറച്ച് വച്ച് ഇളക്കി കൊടുക്കണം.

ഒപ്പം വെളിച്ചെണ്ണയും ചേര്‍ക്കണം. വെള്ളം വറ്റി ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിന് ആക്കിയെടുക്കാം. തീ ഓഫ് ചെയ്ത് വയ്ക്കാം. ചൂട് മാറിയതിനുശേഷം സേവനാഴിയില്‍ മാവ് ചേര്‍ത്ത് ഇടിയപ്പം പിഴിഞ്ഞെടുക്കാം. ഇഡ്ഡലി തട്ടില്‍ തേങ്ങ തിരുമ്മിയതിന് മുകളിലേക്ക് ഇടിയപ്പം പിഴിഞ്ഞെടുത്ത് ആവിയില്‍ വേവിച്ചെടുക്കാം. കൈ പൊള്ളാതെ വളരെ എളുപ്പത്തില്‍ മാവ് കുഴച്ച് നല്ല മയമുള്ള ഇടിയപ്പം തയാറാക്കാം.

Related Articles
Next Story
Share it