സൂപ്പര്‍ ടേസ്റ്റില്‍ പച്ചക്കറി ചേര്‍ത്ത മുട്ട ഓംലറ്റ്

മുട്ട ഓംലറ്റ് എല്ലാവരും കഴിച്ചുകാണും. എന്നാല്‍ പച്ചക്കറി ചേര്‍ത്ത മുട്ട ഓംലറ്റ് അധികമാരും കഴിച്ചുകാണില്ല. നല്ലൊരു സമീകൃതാഹാരമായ മുട്ടയില്‍ അല്‍പം പച്ചക്കറികള്‍ കൂടി ചേര്‍ത്താല്‍ സ്വാദും ഗുണവും ഇരട്ടിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന പച്ചക്കറി ചേര്‍ത്ത മുട്ട ഓംലറ്റ് ഉണ്ടാക്കുന്ന വിധം അറിയാം.
ചേരുവകള്‍
മുട്ട-6, ക്യാരറ്റ്- അരക്കപ്പ് (ചെറുതാക്കി നുറുക്കിയത്), ബീന്‍സ്-അരക്കപ്പ്( ചെറുതാക്കി നുറുക്കിയത്), കാബേജ്-അരക്കപ്പ് (ചെറുതാക്കി അരിഞ്ഞത്), പാല്‍-4 ടേബിള്‍ സ്പൂണ്‍, കുരുമുളകു പൊടി-ഒരു ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ ഉപ്പ്, മല്ലിയില, നെയ്യ്
തയ്യാറാക്കുന്ന വിധം
മുട്ട ഉടച്ച് പതപ്പിക്കുക. ഇതില്‍ ഉപ്പ്, കുരുമുളകുപൊടി, പാല്‍ എന്നിവ ചേര്‍ത്തിളക്കുക. ഇതില്‍ പകുതിയെടുത്ത് മാറ്റി വയ്ക്കുക. നുറുക്കി വച്ച പച്ചക്കറികള്‍ അല്‍പം എണ്ണയോ നെയ്യോ ചേര്‍ത്ത് വഴറ്റിയെടുക്കണം. ഇതിലേക്ക് മല്ലിയില ചേര്‍ക്കുക.
ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി നെയ്യൊഴിച്ചു പരത്തുക. ഇതിലേക്ക് പകുതി മുട്ട മിശ്രിതം ഒഴിക്കുക. ഇത് ഒരുവിധം വെന്തു കഴിയുമ്പോള്‍ വഴറ്റി വച്ചിരിക്കുന്ന പച്ചക്കറി മിശ്രിതം ഇടണം. ഇതിന് മുകളില്‍ ബാക്കി മുട്ട മിശ്രിതം പരത്തിയൊഴിക്കുക. അല്‍പം നെയ്യ് വശത്ത് തളിച്ചു കൊടുക്കാം. ഇരുഭാഗവും വെന്തു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ കഴിക്കാം.