മസാലയും മുളകുമൊന്നുമില്ല; ട്രെന്‍ഡായി ഉപ്പിലിട്ട ബീഫ് കറി

ഉപ്പിലിട്ട ബീഫ് കറി കഴിച്ചിട്ടുണ്ടോ? മുളകോ മറ്റ് മസാലകളോ ഒന്നും ചേര്‍ക്കാത്ത ഈ കറി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പുട്ടിനൊപ്പം കഴിക്കാവുന്ന അതിരുചികരമായ ഈ വിഭവം വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. മസാലകള്‍ ചേര്‍ക്കാത്തതിനാല്‍ തന്നെ ആരോഗ്യത്തിന് കോട്ടമൊന്നും ഉണ്ടാകില്ല.
ഉപ്പും ബീഫും വളരെ കുറച്ച് ചേരുവകളും മാത്രമാണ് ഇതില്‍ ചേര്‍ക്കുന്നത്. മുളക് പൊടിയോ മഞ്ഞപൊടിയോ മസാലയോ ഒന്നും തന്നെ ചേര്‍ക്കുന്നില്ല എന്നതാണ് ഈ വെറൈറ്റി ഉപ്പിലിട്ട ബീഫിന്റെ പ്രത്യേകത. എന്നിരുന്നാലും അപാര രുചിയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആസ്വദിച്ച് കഴിക്കും. ഉണ്ടാക്കുന്നവിധം അറിയാം.
ആവശ്യമായ സാധനങ്ങള്‍
അര കിലോ ഇറച്ചി
ചെറിയുള്ളി 1 കപ്പ്
സവാള ഒന്ന്
ഇഞ്ചി കാല്‍കപ്പ്
വെളുത്തുള്ളി 6 അല്ലി
പച്ചമുളക് 4എണ്ണം
കുരുമുളക് ആവശ്യത്തിന്
വെളിച്ചെണ്ണ അര കപ്പ്
മഞ്ഞപ്പൊടി 2 ടീസ്പൂണ്‍
വറ്റല്‍മുളക് 3എണ്ണം
പച്ചക്കായ 1
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്നവിധം
ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കിയ ഇറച്ചി ഇടുക. അതിലേക്ക് ഒരു ബൗള്‍ ചുവന്നുള്ളി അരിഞ്ഞതും ഒരു സവാള ഇത്തിരി കനത്തില്‍ നീളത്തില്‍ അരിഞ്ഞതും 4 പച്ചമുളകും രണ്ട് ടീസ്പൂണ്‍ കുരുമുളക് ചതച്ചതും അതേ അളവില്‍ മഞ്ഞപൊടിയും കാല്‍കപ്പ് നീളത്തില്‍ അരിഞ്ഞ ഇഞ്ചിയും മൂന്നല്ലി വെള്ളുത്തുള്ളിയും കൂടാതെ ഒരു സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചതും മൂന്ന് വറ്റല്‍മുളകും ആവശ്യത്തിനുള്ള ഉപ്പും വെളിച്ചെണ്ണയും ഇത്തിരി വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ചേരുവകളെല്ലാം നന്നായി ഇറച്ചിയുമായി പിടിക്കണം. മണ്‍ച്ചട്ടിയില്‍ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചേര്‍ത്ത് ബീഫിന്റെ കൂട്ട് ചേര്‍ത്ത് നന്നായി വേവിച്ചെടുക്കാം.
പകുതി വെന്ത് കഴിയുമ്പോള്‍ പച്ചക്കായ ചേര്‍ത്ത് വേവിച്ചെടുക്കാം. ഡ്രൈ ആയി എടുക്കേണ്ടവര്‍ക്ക് വെള്ളം ചേര്‍ക്കാതെ ബീഫ് വറ്റിച്ചെടുക്കാവുന്നതാണ്. ഇവിടെ ഗ്രേവി രീതിയിലാണ് ബീഫ് തയാറാക്കിയിരിക്കുന്നത്. ഈ രീതിയില്‍ ഉണ്ടാക്കി രുചിച്ച് നോക്കൂ. അപാര സ്വാദാണ്. അപ്പത്തിനും പുട്ടിനും ബ്രഡിനുമൊപ്പം കഴിക്കാന്‍ നല്ലതാണ്.