സവാള അരിയുമ്പോള്‍ 'കരയാതിരിക്കാം'; ഈ സൂത്രങ്ങള്‍ പരീക്ഷിക്കൂ
നമ്മള്‍ കഴിക്കുന്ന പല ഭക്ഷണത്തിലെയും പ്രധാന ചേരുവയാണ് സവാള, ഉള്ളി എന്നിവ. ആന്റിഓക്‌സിഡന്റുകളും മറ്റ് പല പോഷകങ്ങളും അടങ്ങിയതാണ് സവാള. എന്നാല്‍ സവാള അരിയുമ്പോള്‍ കണ്ണുനീറുന്നത് ചിലരെ എങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടാകാം. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം എന്ന് പാചക വിദഗ്ധര്‍ പറയുന്നു.
1. സവാള തൊലി കളഞ്ഞ് വൃത്തിയാക്കുക. അതിനുശേഷം രണ്ടായി മുറിച്ച് 10 മിനിറ്റ് നേരം മാത്രം വെള്ളത്തില്‍ ഇട്ടുവയ്ക്കാം. ഇത് സവാളയില്‍ നിന്നും ഗ്യാസ് പുറത്തേക്ക് വരുന്നത് തടയുന്നു. അതിനുശേഷം കനം കുറച്ച് അരിയാം.
2. കഴുകി വൃത്തിയാക്കിയ സവാള ഒരു കണ്ടെയ്നറില്‍ അടച്ച് 10 മിനിറ്റ് ഫ്രിഡ് ജില്‍ വയ്ക്കാം. പെട്ടെന്ന് അരിഞ്ഞെടുക്കണമെങ്കില്‍ ഫ്രിഡ് ജിലെ ഫ്രീസറില്‍ 5 മിനിറ്റ് വച്ച് എടുക്കുകയുമാവാം.
3. ഒരു പാത്രത്തില്‍ കുറച്ച് വെള്ളം ചേര്‍ത്ത് അതില്‍ കുറച്ച് ആപ്പിള്‍ സിഡര്‍ വിനഗറും ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്യാം. ഇതിലേക്ക് രണ്ടായി മുറിച്ചെടുത്ത സവാള ഇടാം. കുറഞ്ഞത് 5 മിനിറ്റ് ഇട്ട് വയ്ക്കണം. അതുപോലെ, കട്ടിങ് ബോര്‍ഡില്‍ ഈ വിനാഗിരി പുരട്ടുന്നതും നല്ലതാണ്.
4. സവാളയുടെ വേരിന്റെ ഭാഗം വട്ടത്തില്‍ കട്ട് ചെയ്തുകളയുക ശേഷം തൊലി കളഞ്ഞ് അരിയാം.
5. സവാള നാല് കഷ്ണങ്ങളാക്കുക. ശേഷം കുറച്ച് സമയം മാറ്റിവയ്ക്കാം ഇനി തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി അരിയാം.