മംഗളൂരു: മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഹുബ്ബള്ളിയില്‍ നടത്തിയ പ്രതിഷേധസമരത്തിനിടെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറെ രാജ്യദ്രോഹി എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ ബജ്റംഗ്ദള്‍ നേതാവുള്‍പ്പെടെ 100 പേര്‍ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 17 നാണ് മതപരിവര്‍ത്തനത്തിനെതിരെ ഹുബ്ബള്ളിയില്‍ ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ കെ. രാമരാജനെ സമരക്കാര്‍ രാജ്യദോഹിയെന്നും മതപരിവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെന്നും പറഞ്ഞ് അധിക്ഷേപിച്ചിരുന്നു. രാമരാജന്റെ പരാതിയില്‍ ബജ്റംഗ്ദള്‍ നേതാവ് അശോക് അന്വേക്കര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്വേക്കര് ഉള്‍പ്പെടെയുള്ളവര്‍ ഹുബ്ബള്ളി സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു. ഇതിനിടയിലാണ് രാമരാജനെതിരെ രാജ്യദ്രോഹിയെന്ന് വിളിച്ച് അപമാനിച്ചത്. രാമരാജനെ മാറ്റിയില്ലെങ്കില്‍ പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബജ്റംഗ്ദള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. രാമരാജനെതിരായ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.