കാസര്‍കോടിന്റെ സ്വപ്‌നപദ്ധതികള്‍ സ്വപ്‌നത്തില്‍തന്നെ.. ബജറ്റിലും ജില്ലയ്ക്ക് അവഗണന

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപനത്തില്‍ കാസര്‍കോട് ജില്ലയെ തഴഞ്ഞു. വിരലിലെണ്ണാവുന്ന പ്രഖ്യാപനങ്ങള്‍ മാത്രമാണ് ജില്ലയ്ക്ക് വേണ്ടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ നടത്തിയത്. കോവളം- ബേക്കല്‍ ജലപാതയ്ക്ക് 500 കോടി രൂപ, സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി രൂപ, എയര്‍സ്്ട്രിപ്പ് സ്ഥാപിക്കുന്നതിന് മുന്നോടിയായി രൂപരേഖ തയ്യാറാക്കാനും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കും അമ്പത് ലക്ഷം രൂപ, കാസര്‍കോട് ഉള്‍പ്പെടെയുള്ള 12 നോണ്‍ മേജര്‍ തുറമുഖങ്ങളുടെ വികസനത്തിനായി 65 കോടി രൂപ, പകല്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റമായ 500 മെഗാ വാട്ട് ബി.ഇ.എസ് മയിലാട്ടിയില്‍ 2026ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി അഞ്ച് കോടി രൂപ . ഇതാണ് ജില്ലയ്ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, വിനോദ സഞ്ചാരം, പിന്നാക്കവികസനം, തുടങ്ങി വിവിധ മേഖലകളില്‍ ജില്ല കാത്തിരിക്കുന്ന പുരോഗതിയും വികസന പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കാതെ പോയി.
ആരോഗ്യരംഗത്ത് കിതച്ചുകൊണ്ടിരിക്കുന്ന കാസര്‍കോടിന്റെ ആരോഗ്യമേഖലയ്ക്ക് യാതൊരു പദ്ധതികളും ഇല്ലാത്തത് ഏറെ നിരാശജനകമാണ്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും പരിമിതികള്‍ ഏറെയാണ്. ഇത് പരിഹരിക്കാനുള്ള പദ്ധതി നിര്‍ദേശങ്ങള്‍ ഒന്നുമുണ്ടായില്ല. കാസര്‍കോടന്‍ ജനത മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ഇനിയും അന്യജില്ലകളിലേക്കോ അന്യസംസ്ഥാനത്തേക്കോ നെട്ടോട്ടമോടണമെന്നര്‍ത്ഥം. വിനോദ സഞ്ചാര രംഗത്ത് പതിയെ പതിയെ മുന്നേറുന്ന ജില്ലയുടെ കുതിപ്പിന് ഊര്‍ജം പകരാന്‍ ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ല. പൊസഡിഗുംബെ, റാണിപുരം, വലിയപറമ്പ കായല്‍ തുടങ്ങി വികസനം കാത്ത് കിടക്കുന്ന ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചതും വെറുതെയായി. വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ നിരാശ മാത്രമാണ് കാസര്‍കോടിന് ബജറ്റ് സമ്മാനിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാനത്തുടനീളമാണ് 17 കോടി രൂപ പ്രഖ്യാപിച്ചത്. ജില്ലയ്ക്ക് മാത്രമായി പ്രത്യേകം പദ്ധതികള്‍ ഒന്നുമില്ല. സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ കാസര്‍കോട് ജില്ല സ്വന്തം ഇടം കണ്ടെത്തി മുന്നോട്ട് ചുവടുവെക്കുന്ന ഘട്ടത്തില്‍ ഇതിന് പ്രോത്സാഹനമെന്നോണം പദ്ധതികള്‍ ഒന്നും ഉണ്ടായില്ല.