തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍ താരം ജി.കെ പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ജി. കേശവന് പിള്ള എന്നാണ് യഥാര്‍ത്ഥ പേര്. 325ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജി.കെ പിള്ള ശക്തമായ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ഒരു കാലത്ത് പ്രേംനസീര്‍ സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു ഇദ്ദേഹം. നായര്‍ പിടിച്ച പുലിവാല്, ജ്ഞാന സുന്ദരി, സ്ഥാനാര്‍ത്ഥി സാറാമ്മ എന്നിവയാണ് പ്രമുഖ സിനിമകളെങ്കിലും മലയാളികള്‍ പിള്ളയെ നെഞ്ചിലേറ്റിയത് കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫ. ജയന്തിയുടെ അച്ഛന് കേണല്‍ ജഗന്നാഥ വര്‍മ്മയുടെ വേഷമാണ്. പട്ടാള ജീവിതം ഉപേക്ഷിച്ച് 1954ല്‍ സ്നേഹസീമ എന്ന ചിത്രത്തിലൂടെയാണ് ജി.കെ പിള്ള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നാട്ടുകാരനും കളിക്കൂട്ടുകാരനുമായ പ്രേംനസീറുമായുള്ള ബന്ധമാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. പിന്നീട് നസീര്‍ നായകനായ സിനിമകളില്‍ ജി.കെ പിള്ള വില്ലനായി. ഒരു വില്ലന്‍ കഥാപാത്രത്തിന് വേണ്ട ശരീര പ്രകൃതി അദ്ദേഹത്തിന് ഏറെ സഹായകമായി. ഡ്യുപ്പുകളുടെ സഹായമില്ലാതെ തന്നെ വാള്‍പയറ്റും കുതിരസവാരിയും മല്ലയുദ്ധവുമൊക്കെ നടത്തിയിരുന്നു. കൂടപ്പിറപ്പ്, മന്ത്രവാദി, പട്ടാഭിഷേകം, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന് എക്സ്പ്രസ്, വല്യേട്ടന്, കാര്യസ്ഥന് തുടങ്ങിയവ പിള്ള അഭിനയിച്ച പ്രധാന ചിത്രങ്ങളാണ്.
80കളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്നുവെങ്കിലും മിനിസ്ക്രീനിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാംവരവ്. കടമറ്റത്ത് കത്തനാര് ആയിരുന്നു ആദ്യ സീരിയല്‍. പിന്നീട് കുങ്കുമപ്പൂവിലൂടെ മിനിസ്ക്രീനില്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു.
കര്‍ഷകനായ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. പതിനാറാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ജി. കെ. പിള്ള പതിമൂന്ന് വര്‍ഷം സൈനിക സേവനം അനുഷ്ഠിച്ചു. 2011-ല്‍ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചു.
ഭാര്യ: പരേതയായ ഉത്പലാക്ഷിയമ്മ. മക്കള്‍: കെ. പ്രതാപചന്ദ്രന്, ശ്രീകല ആര്. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനന്, പ്രിയദര്ശന്.