സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്താക്കുറിപ്പ് സത്യമോ? പ്രതികരണവുമായി അധികൃതര്‍

ദുബൈ: സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്താക്കുറിപ്പ് വ്യാജമാണെന്ന് വ്യക്തമാക്കി അധികൃതര്‍. ഭക്ഷ്യ ഉല്‍പ്പന്ന, ജനറല്‍ ട്രേഡിങ് മേഖലയിലെ ഇന്ത്യന്‍ കയറ്റുമതി വ്യാപാരികള്‍ യുഎഇയിലെ ചില കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും ഇടപാട് നടത്തുമ്പോഴും ജാഗ്രത പുലര്‍ത്തണമെന്ന രീതിയിലുള്ള വാര്‍ത്താക്കുറിപ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രചരിച്ചു തുടങ്ങിയത്.

കരാര്‍ ലംഘനം, സാധനങ്ങള്‍ക്ക് പണം നല്‍കാതിരിക്കല്‍ തുടങ്ങി നിരവധി തട്ടിപ്പുകളുടെ പേരില്‍ യുഎഇയിലെ മിക്ക കമ്പനികളും കരിമ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ കയറ്റുമതി വ്യവസായികളില്‍ നിന്നും മറ്റ് അന്താരാഷ്ട്ര വ്യാപാരികളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കമ്പനികള്‍ക്കെതിരെ നടപടിയെടുത്തതെന്നും വ്യാജ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വാര്‍ത്തയ്‌ക്കെതിരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തിയത്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത്തരത്തിലുള്ള യാതൊരുവിധ അറിയിപ്പും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച വെബ് സൈറ്റുകളോട് അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it