ആര്‍സിസിയില്‍ ചികിത്സക്ക് തുക തേടി വ്യാജ പ്രചാരണം; വിശദീകരണവുമായി അധികൃതര്‍

തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള തിരുവനന്തപുരം സ്വദേശികളായ അമ്മയും മകനും ചികിത്സാ സഹായം തേടുന്നുവെന്ന സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമങ്ങളിലും വ്യാപകമായ രീതിയിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് ആർസിസി അധികൃതർ അറിയിച്ചു .

പ്രചരിക്കുന്ന വാർത്തകളിൽ പറയുന്ന അമ്മയും മകനും ആർസിസിയിലെ രോഗികളല്ലെന്നും ചികിത്സാ സഹായം തേടുന്നതിന് അവർ നൽകിയിരിക്കുന്ന റിപ്പോർട്ടുകളത്രയും വ്യാജമായി ചമച്ചതാണെന്നും പ്രസ്തുത വാർത്തയിലൂടെ അവർ നിരവധിപേരിൽ നിന്നും പണംകൈപ്പറ്റിയതായും ആർസിസി ഔദ്യോഗിക കുറിപ്പിലൂടെ വിശദീകരിച്ചു. പൊതുജനങ്ങൾ വ്യാജ വാർത്തയിൽ വഞ്ചിതരാകരുത്.

പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സയാണ് ആർസിസിയിൽ നൽകിവരുന്നത്. പ്രചരിക്കുന്ന വാർത്തയിൽ 10 വയസുള്ള കുട്ടിക്ക് സഹായത്തിനാണ് പണം തേടുന്നത്.

സാമ്പത്തിക സഹായത്തിന് അർഹതയുള്ള നിരവധി രോഗികളെ കൂടി പ്രതിസന്ധിയിൽ ആക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ആർസിസി പരാതി നൽകിയിട്ടുണ്ട്. ആർസിസിയിലെ രോഗികളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിലോ സാമൂഹമാധ്യമങ്ങളിലോ നൽകുന്നതിന് മുൻപ് ആർസിസിയുമായി ബന്ധപ്പെടുകയോ ചികിത്സാ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയോ ചെയ്യേണ്ടതാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it