ഇത് ഗുജറാത്തിലെ ബിജെപി നേതാവിന്റെ ഗോഡൗണില്‍ നിന്നും ഇഡി കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളോ? സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ അറിയാം

ഗുജറാത്തിലെ ബിജെപി നേതാവിന്റെ ഗോഡൗണില്‍ നിന്നും ഇഡി നടത്തിയ റെയ്ഡില്‍ കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സികാര്‍ അഗര്‍വാളിന്റെ സൂറത്തിലെ ഗോഡൗണില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന അവകാശവാദവുമായാണ് വിഡിയോ പുറത്തുവിട്ടത്. ഏതാനും ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതും മറ്റും ദൃശ്യങ്ങളില്‍ കാണാം.

എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര നേട്ടുകെട്ടുകള്‍ പിടികൂടിയെന്ന തരത്തില്‍ മലയാളം കുറിപ്പോടെയാണ് വിഡിയോ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ഈ വിഡിയോയുടെ വസ്തുത പരിശോധിക്കാം.

ഗുജറാത്ത് സൂരത്ത് നഗര ബിജെപി നേതാവിന്റെ ഗോഡൗണില്‍ നിന്നും കറന്‍സി പിടികൂടി, എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാത്ത അത്രയും നോട്ട് കെട്ടുകള്‍, നാലോളം മിഷ്യനുകള്‍ എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു'...എന്നിങ്ങനെ നീളുന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലെ മലയാളത്തിലുള്ള കുറിപ്പുകള്‍.

ചില പോസ്റ്റുകളില്‍ ബിജെപിയുടെ അഴിമതിയുമായും ഇലക്ടറല്‍ ബോണ്ടുമായും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായും ഇതിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളും കാണാം.

വസ്തുതാ പരിശോധന

ഈ പോസ്റ്റിനെ കുറിച്ച് വിശദമായി പരിശോധിച്ചപ്പോള്‍ വിഡിയോയ്ക്ക് ബിജെപിയുമായോ ആം ആദ് മിയുമായോ ബന്ധമില്ലെന്നും, 2022ല്‍ കൊല്‍ക്കത്തയിലെ ഒരു വ്യാപാരിയുടെ പക്കല്‍ നിന്ന് ഇഡി 18 കോടി രൂപ കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് ഇത് എന്നും വ്യക്തമായി. അന്നത്തെ ഇഡി റെയ്ഡിന്റെ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളായ എന്‍ഡിടിവിയും, സിഎന്‍എന്‍-ന്യൂസ് 18 എന്നിവ പ്രസിദ്ധീകരിച്ചിരുന്നുവെന്നും വ്യക്തമായി.

2022 സെപ്തംബര്‍ 11 ന് CNN-News18 ന്റെ യൂട്യൂബില്‍ ഇതേ വിഡിയോ പങ്കുവച്ചതായും കണ്ടെത്തി. കൊല്‍ക്കത്തയിലെ വ്യാപാരിയില്‍നിന്ന് 18 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഈ സൂചന ഉപയോഗിച്ച് യൂട്യൂബില്‍ തന്നെ നടത്തിയ തിരച്ചിലില്‍ NDTV 2022 സെപ്തംബര്‍ 10ന് പങ്കുവെച്ച വാര്‍ത്തയിലും ഇതേ ദൃശ്യങ്ങള്‍ കണ്ടെത്തി.

Related Articles
Next Story
Share it