ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി ടൊവിനോ തോമസ്

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് പരസ്യ പിന്തുണയുമായി നടന്‍ ടൊവിനോ തോമസും. സിനിമാ നിര്‍മാതാക്കളുടെ പ്രശ്‌നങ്ങള്‍ തുറന്നു കാണിച്ച് സുരേഷ് കുമാര്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് ആന്റണി പെരുമ്പാവൂര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിനെ പിന്തുണച്ചാണ് രാരം രംഗത്തെത്തിയത്. നേരത്തെ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളും വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് അനുകൂല നിലപാടുമായി ടൊവിനോ തോമസും രംഗത്തെത്തിയത്.

മലയാള സിനിമ പ്രതിസന്ധിയിലാണെന്നും താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നുമുള്ള സുരേഷ് കുമാറിന്റെ ആവശ്യമാണ് വിമര്‍ശനത്തിന് വഴിയൊരുക്കിയത്. പിന്നാലെ സുരേഷ് കുമാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ആന്റണി പെരുമ്പാവൂര്‍ പ്രതികരണവുമായി രംഗത്തെത്തി. ആന്റണിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ടോവിനോ തോമസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകള്‍ നിര്‍മാതാക്കളുടെ നുണക്കഥകളാണെന്നുമാണ് പ്രസ് മീറ്റില്‍ സുരേഷ് കുമാര്‍ പറഞ്ഞത്. യുവതാരങ്ങളുടെ അമിതമായ പ്രതിഫലം കാരണം മലയാള സിനിമകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മാസം മാത്രം 110 കോടിയുടെ നഷ്ടം ഉണ്ടായെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ടൊവിനോ തോമസ് നായകനായെത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തിന് തിയേറ്ററ്റില്‍ സംഭവിച്ച നഷ്ടത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 30 കോടി മുടക്കിയ ചിത്രത്തിന് വെറും മൂന്നര കോടി രൂപ മാത്രമാണ് തിയറ്ററില്‍ നിന്നും നേടാനായതെന്നും വലിയ നഷ്ടമാണ് ചിത്രം വരുത്തിവച്ചതെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

സുരേഷ് കുമാറിന്റെ ഈ വാദങ്ങളോട് ശക്തമായ ഭാഷയിലായിരുന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. സുരേഷ് പറഞ്ഞത് സ്വന്തം തീരുമാനമാണെന്നും സംഘടനയുടെ കൂട്ടായ തീരുമാനം പ്രസിഡന്റ് അറിയിക്കുമെന്നും ആന്റണി പറഞ്ഞു. കുറിപ്പ് ചര്‍ച്ചയായതോടെ ആന്റണിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സുരേഷ് കുമാര്‍ പറഞ്ഞത് സംഘടനയുടെ അഭിപ്രായമാണെന്നായിരുന്നു സെക്രട്ടറി ബി.രാകേഷിന്റെ പ്രതികരണം. നിര്‍മാതാവ് സിയാദ് കോക്കറും സുരേഷ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തി. വിഷയം ഇപ്പോള്‍ സിനിമാ മേഖലയില്‍ പുകയുകയാണ്.

Related Articles
Next Story
Share it