സിനിമയില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു; കോളുകളുടെ പ്രവാഹം ; 1.1 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് വിദ്യാര്‍ത്ഥി
നടി സായ് പല്ലവിയുടെ നമ്പര്‍ ആണെന്ന് കരുതിയാണ് ഫോണ്‍ വിളികള്‍
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയനും സായ് പല്ലവിയും അഭിനയിച്ച അമരന്‍ സിനിമ വമ്പന്‍ കളക്ഷനുമായി തിയേറ്ററില്‍ മുന്നേറുകയാണ്. എന്നാല്‍ അമരന്‍ സിനിമ കാരണം ചെന്നൈയിലെ ഒരു വിദ്യാര്‍ത്ഥിക്ക് ഫോണ്‍ നിശബ്ദമാക്കി വെക്കേണ്ടി വന്നിരിക്കുകയാണ്. സിനിമയില്‍ സായ് പല്ലവിയുടെ കഥാപാത്രത്തിന്റെതായി പറയുന്ന ഫോണ്‍ നമ്പര്‍ തന്റെതാണെന്നും കഴിഞ്ഞ കുറച്ച് ദിവസമായി ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്നുകൊണ്ടിരിക്കുകയുമാണെന്നുമാണ് വി.വി വാഗീശന്‍ എന്ന വിദ്യാര്‍ത്ഥിയുടെ പരാതി. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ ആയതു കൊണ്ട് നമ്പര്‍ ഉപേക്ഷിക്കാനാവില്ലെന്നും ഇതിനിടെ ഫോണ്‍ നമ്പര്‍ ആരോ ട്രൂ കോളറില്‍ കഥാപാത്രത്തിന്റെ പേരില്‍ സൂക്ഷിച്ചതോടെ കോളുകളുടെ പ്രവാഹമായെന്നും വിദ്യാര്‍ത്ഥി പറയുന്നു. അമരനിലെ ശിവകാര്‍ത്തികേയന് സായ് പല്ലവി തന്റെ മൊബൈല്‍ നമ്പര്‍ എഴുതിയ പേപ്പര്‍ നല്‍കുന്ന രംഗമുണ്ട്. നമ്പറിലെ പത്ത് അക്കത്തില്‍ ഒന്ന് വായിക്കാനാകുന്നില്ലെങ്കിലും നമ്പര്‍ തന്റേതാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വിവരം അറിയിച്ചെങ്കിലും പ്രതികരണം ഒന്നും ഇല്ലാത്തതിനാലാണ് നിര്‍മാതാക്കളില്‍ നിന്ന് 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും വാഗീശന്‍ പറയുന്നു.