നടന്‍ സല്‍മാനുലും നടി മേഘയും വിവാഹിതരായി

നടന്‍ സല്‍മാനുലും നടി മേഘയും വിവാഹിതരായി. സല്‍മാനുല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മേഘയുമായി രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതിന്റെ വീഡിയോയും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മിഴിരണ്ടിലും എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ് ഇവര്‍. സ്‌ക്രീനിലെ സഞ്ജുവും ലക്ഷ്മിയും ജീവിതത്തിലും ഒന്നായ സന്തോഷത്തിലാണ് ആരാധകര്‍.

കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹം. 'Mr & Mrs സഞ്ജു മുതല്‍ Mr & Mrs സല്‍മാന്‍ വരെ. ഒടുവില്‍ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സ്‌നേഹവും കരുതലും ഉയര്‍ച്ച താഴ്ചകളും സന്തോഷവും സങ്കടങ്ങളും യാത്രകളും എല്ലാം ഒരുമിച്ച് എന്നും പങ്കിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു! എന്നും എപ്പോഴും ഞങ്ങളെ പിന്തുണച്ചവര്‍ക്ക് നന്ദി! നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു', എന്നാണ് രജിസ്റ്റര്‍ മാര്യേജ് വീഡിയോയ്ക്ക് ഒപ്പം സല്‍മാനുല്‍ കുറിച്ചത്.

'ഞങ്ങളുടെ വലിയ ദിവസത്തിന്റെ ഒരു ചെറിയ സംഗ്രഹമാണിത്. ആകാശം മുട്ടെയുള്ള സന്തോഷത്തിലും ആനന്ദത്തിലും ഞങ്ങള്‍ ഒന്നിച്ച് മുങ്ങിയ ദിവസം. വിവാഹത്തെ വര്‍ണ്ണാഭമാക്കിയതിനും അവിസ്മരണീയമാക്കിയതിനും എന്റെ സഫീറിനും ടീമിനും വലിയൊരു നന്ദി.' എന്നായിരുന്നു നടന്റെ മറ്റൊരു കുറിപ്പ്.

മിഴിരണ്ടിലൂടെയാണ് പ്രേക്ഷകര്‍ക്ക് സല്‍മാനുല്‍ സുപരിചിതനാകുന്നത്. കഴിഞ്ഞ വര്‍ഷം ഈ സീരിയലില്‍ നിന്നും നടനെ മാറ്റിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മറ്റൊരു സീരിയലില്‍ അവസരം ലഭിച്ചതിനാല്‍ സല്‍മാന്‍ പിന്മാറി എന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ തന്നെ മാറ്റിയതാണെന്ന് പറഞ്ഞ് സല്‍മാനുല്‍ രംഗത്ത് എത്തിയിരുന്നു. സല്‍മാന്‍ സീരിയലില്‍ നിന്നും മാറിയതിന് പിന്നാലെ മേഘ പങ്കുവച്ച പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് തന്റെ പത്തൊന്‍പതാം പിറന്നാള്‍ മേഘ ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരുന്നു. പ്രണയം എന്ന സീരിയലിലൂടെ ബാലതാരമായി അഭിനയരംഗത്ത് എത്തിയതാണ് മേഘ മഹേഷ്. മിഴിരണ്ടിലൂടേയാണ് ആദ്യമായി നായികയായി എത്തുന്നത്.

Related Articles
Next Story
Share it