മഹാകുംഭമേളയിലെ 'വൈറല്‍' പെണ്‍കുട്ടി സിനിമയിലേക്ക്; ഷൂട്ടിംഗ് ഉടന്‍

പ്രയാഗ്‌രാജില്‍ മഹാ കുംഭമേളക്കിടെ ദേശീയ ടെലിവിഷനിലും സോഷ്യല്‍മീഡിയയിലും വാര്‍ത്തകളില്‍ ഇടം നേടി വൈറലായ മധ്യപ്രദേശ് ഖര്‍ഗോണ്‍ സ്വദേശിനി പതിനാറുകാരി മൊണാലിസ ഭോസ്ലെ സിനിമയിലേക്ക്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ദ ഡയറി ഓഫ് മണിപ്പൂര്‍ എന്ന സിനിമയില്‍ മൊണാലിസ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മിശ്ര, മൊണാലിസയുടെ വീട്ടിലെത്തി. സന്ദര്‍ശന വിവരങ്ങള്‍ മിശ്രയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഡയറി ഓഫ് മണിപ്പൂരിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും.
നര്‍മ്മദാ നദിയുടെ തീരത്തുള്ള കിലഘട്ടില്‍ വര്‍ഷങ്ങളായി മൊണാലിസ പൂക്കളും മാലകളും വില്‍ക്കുന്നുണ്ടെങ്കിലും മഹാകുംഭമേളക്കിടെ മൊണാലിസ രുദ്രാക്ഷമാലകള്‍ വില്‍ക്കുന്നത് പകര്‍ത്തിയ കോൺടെന്റ് ക്രിയേറ്ററാണ് മൊണാലിസയുടെ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. ദൃശ്യം വൈറലായി. മൊണാലിസയുടെ സൗന്ദര്യവും കണ്ണുകളുമായി ചര്‍ച്ചാവിഷയം. പിന്നെ മാല വാങ്ങുന്നതിന് പകരം ആളുകള്‍ക്ക് കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ ആയിരുന്നു ധൃതി. ഇത് ജോലിയെയും ബാധിച്ചു. പലതവണ ആളുകളെയും ചാനലുകളെയും ആട്ടിയോടിക്കേണ്ടി വന്നു. തുടര്‍ന്നാണ് മഹേശ്വരിലെ വീട്ടിലേക്ക് മടങ്ങുന്നത്. ഇതിന് ശേഷം സിനിമയിലേക്കുള്ള അവസരത്തിന്റെ വാതില്‍ തുറക്കുകയായിരുന്നു.