'നൂറ് തടവ് സൊന്ന മാതിരി' ; രജനീകാന്തിനെ ലൊക്കേഷനില്‍ സന്ദര്‍ശിച്ച് മന്ത്രി റിയാസ്

കോഴിക്കോട്: ജയിലര്‍ 2 ന്റെ ചിത്രീകരണത്തിനായി കോഴിക്കോട്ടെത്തിയ തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ സന്ദര്‍ശിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രജനീകാന്തിന്റെ കൂടെയുള്ള ചിത്രം മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

'നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി' എന്ന ഡയലോഗോടെയാണ് മന്ത്രി ചിത്രങ്ങള്‍ പങ്കുവെച്ചത്.

ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ചെറുവണ്ണൂരിലാണ് നടക്കുന്നത്. ആറ് ദിവസം രജനീകാന്ത് കോഴിക്കോട് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡിലെ സുദര്‍ശന്‍ ബംഗ്ലാവാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 20 ദിവസത്തെ ഷൂട്ടിംഗ് ആണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമാണിത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it