പ്രണയദിനത്തില്‍ സസ്‌പെന്‍സ് പൊളിച്ച് ജിഷിന്‍ മോഹനും അമേയ നായരും; വിവാഹനിശ്ചയം കഴിഞ്ഞു

കഴിഞ്ഞ കുറേ നാളുകളായി നടന്‍ ജിഷിന്‍ മോഹനും നടി അമേയ നായരും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോള്‍ പ്രണയദിനത്തില്‍ എല്ലാ സസ്‌പെന്‍സും പൊളിച്ച് കൊണ്ട് തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം ആരാധകരെ അറിയിച്ചിരിക്കയാണ് താരങ്ങള്‍. വിവാഹം എന്നാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മിനി സ്‌ക്രീന്‍ പ്രേക്ഷരുടെ ഇഷ്ടതാരങ്ങളാണ് ഇരുവരും. 'അവളും അവനും യെസ് പറഞ്ഞു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. ഹാപ്പി വലന്റൈന്‍സ് ഡേ, നിന്റെ കൈകളിലാണ് എന്റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി.' എന്നാണ് അമേയയും ജിഷിനും കുറിച്ചത്.

നടി വരദയാണ് ജിഷിന്‍ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. ഇവരുടേതും പ്രണയ വിവാഹമായിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹമോചിതരായത്. കുട്ടി വരദയുടെ സംരക്ഷണയില്‍ കഴിയുകയാണ്. അമേയയുടേതും രണ്ടാം വിവാഹമാണ്. ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് മക്കളുണ്ട്.

അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്ന മറുപടിയായിരുന്നു ജിഷിന്‍ പറഞ്ഞിരുന്നത്.

വിവാഹമോചനത്തിന് ശേഷം താന്‍ നിരോധിക്കപ്പെട്ട ലഹരി വരെ ഉപയോഗിച്ചിരുന്നുവെന്നും അതില്‍ നിന്നുള്ള മോചനത്തിന് കാരണക്കാരിയാണ് പുതിയ കൂട്ടുകാരി അമേയ എന്നും ജിഷിന്‍ പറഞ്ഞിരുന്നു.

Related Articles
Next Story
Share it