അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ ടീസര്‍ മേക്കിംഗ് വിഡിയോ പുറത്തുവിട്ടു; ഗംഭീരമെന്ന് ആരാധകര്‍

അജിത്ത് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ ടീസര്‍ മേക്കിംഗ് വിഡിയോ പുറത്തുവിട്ട് അണിയറക്കാര്‍. ഏപ്രില്‍ 10നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മാര്‍ക്ക് ആന്റണിയെന്ന ഹിറ്റിന് ശേഷം സംവിധായകന്‍ ആദിക് രവിചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അജിത്ത് കുമാറിന്റെ നിറഞ്ഞാട്ടം തന്നെയായിരിക്കും കാണാനാകുക എന്നാണ് ആരാധകര്‍ പറയുന്നത്.
അജിത്തിന്റെ 63ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുക.
നേരത്തെ ഗ്യാങ് സ്റ്റര്‍ ലുക്കിലുള്ള അജിത്തിന്റെ പോസ്റ്ററിനൊപ്പം റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറക്കാര്‍ രംഗത്തെത്തിയിരുന്നു. ആക്ഷന്‍ കോമഡി ഗണത്തിലാണ് ഗുഡ് ബാഡ് അഗ്ലി ഒരുക്കിയിരിക്കുന്നത്. ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണത്തിനിടയില്‍ ലീക്ക് ആയ സ്റ്റില്ലുകളും വിഡിയോസും സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തെ വൈറല്‍ ആയിരുന്നു.
അജിത്തിനോടൊപ്പം തൃഷയും ചിത്രത്തിലുണ്ടാകും എന്ന് റിപോര്‍ട്ടുകള്‍ ഉണ്ട്. വിഡാമുയര്‍ച്ചിയിലും തൃഷ തന്നെയാണ് നായിക. മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചി പൊങ്കലിന് റിലീസിനെത്തും എന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുറത്തു വിടാത്ത കാരണങ്ങള്‍ കൊണ്ട് റിലീസ് മാറ്റി വെക്കുകയുണ്ടായി. പിന്നാലെ ആരാധകര്‍ ലൈക്ക പ്രൊഡക്ഷന്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകളുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ വലിയ രീതിയില്‍ പ്രതിഷേധമറിയിച്ചിരുന്നു.
അജിത്ത് കുമാര്‍ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. അജിത്തിന്റെ വിഡാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നെറ്റ് ഫ്‌ളിക്‌സിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ മാര്‍ച്ച് മൂന്നിനാണ് എത്തിയത്. വിഡാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളം ആയിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ലെന്നും കളക്ഷന്‍ കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അജിത്ത് നായകനായെത്തിയ തുനിവ് മികച്ച വിജയമായിരുന്നു. എച്ച് വിനോദായിരുന്നു ചിത്രത്തിന്റെ സംവിധാനം.
ഹിറ്റ് മേക്കര്‍ അറ്റ് ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സുധ കൊങ്ങര പ്രസാദിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.