കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശ്ശീല വീഴും: പ്രേക്ഷക ശ്രദ്ധ നേടി 'ദ ടീച്ചര്‍'
ഓരോ കേരള രാജ്യാന്തര ചലച്ചിത്ര മേളയും ഓരോ ഓര്‍മ്മകളാണ്. ലോകത്താകമാനമുള്ള മികച്ച സിനിമകളുടെ സിനിമാ കൊട്ടകയായി സംസ്ഥാന തലസ്ഥാനം മാറും. അടിച്ചമര്‍ത്തലിന്റെയും അവകാശത്തിന്റെയും പ്രണയത്തിന്റെയും പകയുടെയും തുടങ്ങി വിവിധ പ്രമേയങ്ങളെ അഭ്രപാളിയിലെത്തിക്കുന്ന സിനിമ എന്ന വികാരത്തിന്റെ എട്ട് നാള്‍ നീളുന്ന കാഴ്ച ഉത്സവത്തിന് അന്ത്യമാകുമ്പോള്‍ പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്നത് ഒരുപിടി നല്ല സിനിമകളാണ്.
ലോകസിനിമാ വിഭാഗത്തില്‍ ഇത്തവണ പ്രദര്‍ശിപ്പിച്ച ദ ടീച്ചര്‍ എന്ന സിനിമ വേറിട്ട അനുഭവമായി. പലസ്തീനികളുടെ ദൈന്യംദിന പോരാട്ടങ്ങള്‍ പ്രമേയമായി വരുമ്പോഴും ലോകത്തെവിടെയുമുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി സഹാനുഭൂതി പ്രതിധ്വനിക്കുന്ന ചിത്രമാണ് ദ ടീച്ചര്‍. ബ്രിട്ടീഷ്-പലസ്തീന്‍ ചലച്ചിത്ര നിര്‍മ്മാതാവായ ഫറാ നബുള്‍സിയുടെ ആദ്യ സിനിമയാണ് ദ ടീച്ചര്‍.
ഒരു യഥാര്‍ത്ഥ കഥയില്‍ നിന്നോ അനേകം യഥാര്‍ത്ഥ കഥകളില്‍ നിന്നോ പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് ദ ടീച്ചര്‍. അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തോടുള്ള പ്രതിരോധത്തിനും തന്റെ വിദ്യാര്‍ത്ഥികളിലൊരാളായ ആദത്തിനായി പിതാവിന്റെ ഉത്തരവാദിത്തത്തിനും ഇടയില്‍ അകപ്പെട്ടുപോകുന്ന പലസ്തീന്‍ സ്‌കൂള്‍ അധ്യാപകനായ ബാസെത്തെ ചുറ്റിയാണ് കഥ നീങ്ങുന്നത്. പല പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച തന്റെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമാധാനത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പാഠങ്ങള്‍ നല്‍കുകയാണ് ബാസെം. പ്രതിഷേധിച്ചു എന്ന പേരില്‍ കൗമാര പ്രായം മുതല്‍ ഇസ്രായേല്‍ തടവറയില്‍ കഴിയുന്ന തന്റെ സഹോദരങ്ങളെ ഓര്‍ത്ത് ആശങ്കപ്പെടുന്ന ബാസെം എന്ന കഥാപാത്രത്തെ ആഴത്തില്‍ വരച്ചിടുന്നതിനൊപ്പം ഹൃദയഹാരിയായ ഒട്ടനവധി മൂഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മേള വെള്ളിയാഴ്ച അവസാനിക്കും. 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 117 സിനിമകളാണ് പ്രദര്‍ശിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 സിനിമകളും മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.