ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതിപൊടിയും വിവാഹിതരായി

ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനര്‍ ആരതിപൊടിയും വിവാഹിതരായി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഗുരുവായൂര്‍ അമ്പലനടയില്‍വച്ച് നടന്ന താലികെട്ട് ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 2023 ഫെബ്രുവരി 16നായിരുന്നു വിവാഹനിശ്ചയം.

ആറ് ദിവസത്തെ വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷമാണ് ചടങ്ങ് നടന്നത്. രംഗോലി, സംഗീത് തുടങ്ങിയ ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഇരുവരും സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

രണ്ടു വര്‍ഷത്തെ ഹണ്‍മൂണ്‍ ട്രിപ്പ് ആണ് റോബിനും ആരതിയും പ്ലാന്‍ ചെയ്തിരിക്കുന്നത്. 27 രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന യാത്രയുടെ തുടക്കം ഫെബ്രുവരി 26നാണ്. ഇരുവരും ആദ്യം സന്ദര്‍ശിക്കുന്നത് അസര്‍ബെയ്ജാനാണ്. ആഡംബര കാര്‍ ആണ് വിവാഹസമ്മാനമായി ആരതിക്ക് പിതാവ് നല്‍കിയത്. ഇത് വലിയ സര്‍പ്രൈസ് ആണെന്നും ഇത്രയും വലിയ സമ്മാനം പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ഇതേകുറിച്ചുള്ള ആരതിയുടെ പ്രതികരണം.

യുട്യൂബ് ചാനലില്‍ റോബിന്റെ അഭിമുഖം എടുക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. ഒടുവില്‍ ഇപ്പോള്‍ വിവാഹത്തിലും എത്തി.

Related Articles
Next Story
Share it