മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന 'തുടരും'- റിലീസ് ഉടന്‍; ഒടിടി റൈറ്റ്‌സ് വിറ്റത് വന്‍ തുകയ്ക്ക്

ഒരു ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ശോഭനയും 'തുടരും' എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നത്. ഇരുവരും ഹിറ്റാക്കിയ നിരവധി ചിത്രങ്ങളുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ റിലീസ് മേയ് മാസത്തിലാണെന്നാണ് വിവരം. ചിത്രത്തിന് നിരവധി ഫാന്‍സ് ഷോകള്‍ ഉണ്ടാകുമെന്നും ഒടിടി റൈറ്റ്‌സ് ഹോട് സ്റ്റാറിനാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
വന്‍ തുകയ്ക്കാണ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ എന്ന നടന്റെ പ്രതികരണത്തെ കുറിച്ച് നേരത്തെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഓരോ രംഗത്തെ കുറിച്ചും പറഞ്ഞപ്പോള്‍ താരം വലിയ കൗതുകം പ്രകടിപ്പിച്ചു എന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രജപുത്ര നിര്‍മിക്കുന്ന ചിത്രത്തിന് തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രതിപാദിക്കുന്ന ചിത്രമാണ് ഇതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.