ധനുഷ്-നയന്‍താര തര്‍ക്കം അവസാനിക്കുന്നില്ല; നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍

പകര്‍പ്പവകാശം ലംഘിച്ചെന്ന് കാണിച്ച് ധനുഷ് ഹര്‍ജി നല്‍കി

പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി നയന്‍താര, ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ക്കെതിരെ നടന്‍ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നയന്‍താരയുടെ ജീവിതം പ്രമേയമായ 'നയന്‍താര ബിയോണ്ട് ദ ഫെയറി ടെയില്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മിച്ച 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.

ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരേ ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

നേരത്തേ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മൂന്ന് സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ചോദ്യംചെയ്ത് നയന്‍താര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു.

2014-ല്‍ നയന്‍താരയെ നായികയാക്കി ധനുഷ് നിര്‍മിച്ച ചിത്രമാണ് 'നാനും റൗഡി താന്‍'. നയന്‍താരയുടെ ജീവിതപങ്കാളി വിഘ്‌നേഷ് ശിവന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. താനും വിഘ്‌നേഷും ഇഷ്ടപ്പെടുന്നതും പ്രണയത്തിലായതും ഈ സിനിമയുടെ സെറ്റില്‍വച്ചാണെന്ന് നയന്‍താര പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനാണ് ചിത്രത്തിലെ പാട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ധനുഷിന്റെ നിര്‍മാണ കമ്പനി അനുവാദം നല്‍കിയില്ലെന്നും ഇത് പരിഗണിക്കുന്നത് മനപ്പൂര്‍വം വൈകിക്കുകയും ചെയ്‌തെന്ന് നയന്‍താര കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ധനുഷിനെതിരെ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണവും നടി നേരിട്ടിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it