60ാം പിറന്നാളില്‍ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍; വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ!

മുംബൈ: 60ാം പിറന്നാളില്‍ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍.വെള്ളിയാഴ്ച പിറന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ മുംബൈയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മുഖാമുഖം പരിപാടിയിലാണ് തന്റെ പുതിയ പ്രണയിനിയെ കുറിച്ചും ഇനിയുള്ള ജീവിതത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത്.
ഗൗരി എന്നാണ് കാമുകിയുടെ പേര്. ആറു വയസുള്ള ആണ്‍കുട്ടിയുടെ അമ്മയാണ് ഗൗരി. തമിഴ് വംശജയായ ഗൗരി കുറേക്കാലം ബംഗലൂരുവിലാണ് താമസിച്ചത്. ഇപ്പോള്‍ കുറച്ചുകാലമായി തന്റെ കൂടെയാണ് താമസമെന്നും താരം വെളിപ്പെടുത്തി. ഗൗരിയുമായി 25 വര്‍ഷത്തെ പരിചയം ഉണ്ടെന്നും തങ്ങള്‍ തമ്മില്‍ ഇപ്പോള്‍ വളരെ ഗൗരവമായതും പ്രതിബദ്ധതയുമുള്ള ഒരു ബന്ധമാണ് പുലര്‍ത്തുന്നതെന്നും താരം തുറന്നുപറഞ്ഞു.
ആമിറിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഗൗരി കഴിഞ്ഞ ദിവസം സല്‍മാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്ക് ജന്മദിനത്തോട് അനുബന്ധിച്ച് താരം നടത്തിയ അത്താഴ വിരുന്നിലും പങ്കെടുത്തിരുന്നു. തന്റെ പുതിയ ബന്ധത്തില്‍ മക്കള്‍ക്ക് സന്തോഷമാണെന്ന് പറഞ്ഞ ആമിര്‍ ഔദ്യോഗികമായി ഒരു കുടുംബ ഗെറ്റ് ടുഗതര്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.
ഗൗരിക്ക് വേണ്ടി പാട്ടുകള്‍ പാടുന്നത് ഇഷ്ടമുള്ള കാര്യമാണെന്ന് പറഞ്ഞ ആമിര്‍ തന്റെ പങ്കാളിക്ക് വേണ്ടി ചടങ്ങിനിടെ കഭി കഭി മേരെ ദില്‍ മേ എന്ന ഗാനത്തിന്റെ ചില വരികളും പാടി. വര്‍ഷങ്ങളുടെ സൗഹൃദം ഉണ്ടെങ്കിലും ആമിറിന്റെ ലഗാന്‍ ദംഗല്‍ അടക്കമുള്ള ചില സിനിമകള്‍ മാത്രമാണ് ഗൗരി കണ്ടിട്ടുള്ളത്. ലഗാന്‍ സിനിമയിലെ തന്റെ കഥാപാത്രമായ ഭുവനെക്കുറിച്ച് പരാമര്‍ശിച്ച ആമിര്‍ 'ഭുവന് തന്റെ ഗൗരിയെ കിട്ടി' എന്നും പറഞ്ഞു.
വിവാഹം സംബന്ധിച്ച ചോദ്യത്തിന് '60 വയസ്സില്‍, എനിക്ക് വിവാഹം ചെയ്യുന്നത് യോജിക്കുമോ' എന്നായിരുന്നു മറുപടി. എന്നാല്‍ എന്റെ കുട്ടികള്‍ വളരെ സന്തോഷവാന്മാരാണ് എന്നും ആമിര്‍ പറഞ്ഞു. എന്റെ മുന്‍ ഭാര്യമാരുമായി ഇത്രയും മികച്ച ബന്ധം പുലര്‍ത്തുന്നതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര നിര്‍മ്മാതാവ് റീന ദത്തയെ ആണ് ആമിര്‍ ആദ്യം വിവാഹം കഴിച്ചത്. ഇവര്‍ക്ക് ജുനൈദ്, ഇറാ ഖാന്‍ എന്നീ രണ്ട് കുട്ടികളുണ്ട്. 2005-ല്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ആസാദ് എന്ന മകനുണ്ട് ആമിറിന്. മകന്റെ കാര്യങ്ങള്‍ ഇരുവരും ഒരുമിച്ചാണ് നോക്കുന്നത്.