കാഞ്ഞങ്ങാട്: പാണത്തൂരില്‍ കാട്ടാന ശല്യം രൂക്ഷമായി. പരിയാരം, വട്ടക്കയം, പാറക്കടവ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. കമുകും തെങ്ങും വാഴയുമടക്കമെല്ലാം നശിപ്പിച്ചു. വട്ടക്കയത്തെ മൂലപ്ലാക്കല്‍ ജോസഫ്, പാറക്കടവ് കിഴക്ക്പുറത്ത് മലയില്‍ ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്. ആദ്യം പരിയാരത്തെ ജോണ്‍സന്റെ കൃഷിയിടത്തിലും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പിന്നാലെയാണ് വട്ടക്കയം, പാറക്കടവ് പ്രദേശങ്ങളിലും ആനയിറങ്ങിയത്. വട്ടക്കയം മൂലപ്ലാക്കല്‍ ജോസഫിന്റെ 40 തെങ്ങ്, 20 കമുക്, 200 വാഴ എന്നിവ പൂര്‍ണമായും നശിപ്പിച്ചു. പാറക്കടവിലെ ജോസഫിന്റെ നാല് വര്‍ഷം പ്രായമായ 200 കമുക്, 250 വാഴ എന്നിവയും നശിപ്പിച്ചു. കര്‍ണാടക സംസ്ഥാന അതിര്‍ത്തി വനത്തില്‍ നിന്നും കാട്ടാനകളിറങ്ങുന്നത് പ്രദേശവാസികളെ ഭയപ്പാടിലാക്കുന്നുണ്ട്. വന്യമൃഗങ്ങളെ തടയാന്‍ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വനം വകുപ്പ് സൗരോര്‍ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നില്ല. വേലിയില്ലാത്ത ഭാഗങ്ങളുമുണ്ട്.
ഇത്തരം പ്രദേശങ്ങളാണ് കാട്ടാനക്കൂട്ടത്തിന് എളുപ്പം കാടിറങ്ങിയെത്തുവാന് സഹായകമാകുന്നത്. വനാതിര്‍ത്തിയില്‍ താല്‍ക്കാലിക ജിവനക്കാരെ ഉപയോഗിച്ച് കാട്ടാനയെ തുരത്താനുള്ള ശ്രമം നടത്തുന്നുണ്ട്.