കൈറോ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന് ചരക്കുകപ്പല്‍ ഒരുമാസം പിന്നിട്ടിട്ടും വിട്ടുകൊടുക്കാതെ ഈജിപ്ത്. കപ്പല്‍ ഉടമകള്‍ 8,856 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഈജിപ്തിന്റെ ആവശ്യം. കപ്പല്‍ മോചിപ്പിക്കുകയും ഗതാഗതം പതിവുതാളം വീണ്ടെടുക്കുകയും ചെയ്തെങ്കിലും ആറു ദിവസം കനാല്‍ വഴി ചരക്കുകടത്ത് തടസ്സപ്പെട്ട വകയിലും കപ്പല്‍ രക്ഷപ്പെടുത്താന്‍ വന്ന ചെലവുമടക്കം 120 കോടി ഡോളര്‍ (8,856 കോടി രൂപ) നഷ്ട പരിഹാരം നല്‍കണമെന്നാണ് ആവശ്യം.
സൂയസില്‍ മണല്‍തിട്ടയില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ ‘എവര്‍ ഗിവണ്‍’ ആണ് ഇനിയും സൂയസ് വിടാനാകാതെ പിടിച്ചിട്ടിരിക്കുന്നത്. കനാലിന് നടുക്ക് ഒരു തടാകത്തില്‍ പിടിച്ചിട്ടിരിക്കുകയാണ് രണ്ടു ലക്ഷം ടണ്‍ ചരക്കു കടത്താന്‍ ശേഷിയുള്ള കപ്പല്‍. കപ്പല്‍ സര്‍വീസ് നടത്തിയ ജപ്പാന് ഉടമകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഈജിപ്ത് കോടതി വിധിച്ചിരുന്നു.
18,300 കണ്ടെയ്നറുകളാണ് ഈ സമയം കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ വിടണമെന്നാവശ്യപ്പെട്ട് ഉടമകള്‍ നല്കിയ അപ്പീല്‍ കോടതി തള്ളിയിരുന്നു. കപ്പല്‍ അപകടത്തില്‍ പെടാന്‍ കാരണം അന്വേഷിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഡച്ച് നഗരമായ റോട്ടര്‍ഡാമിലേക്ക് യാത്രക്കിടെ മാര്‍ച്ച് 23നാണ് ചരക്കുകപ്പല്‍ മണല്‍തിട്ടയിലിടിച്ച് വഴിമുടക്കി നിന്നത്.