TEXT BOOK | ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് തന്നെ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേക്ക്; ചരിത്രനേട്ടമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് തന്നെ പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കിട്ട് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത്തരമൊരു സംഭവം കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമാണെന്നാണ് വി ശിവന്‍കുട്ടി പ്രതികരിച്ചത്.

പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിയമസഭയിലെ ചേംബറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജനകീയ, വിദ്യാര്‍ഥി ചര്‍ച്ചകളുടെ ഭാഗമായി നാല് മേഖലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാഠപുസ്തകങ്ങള്‍ വികസിപ്പിക്കുന്നത്.

സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തീകരിച്ചു. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം അടുത്ത വര്‍ഷം നടക്കും.

ഈ വര്‍ഷം പരിഷ്‌കരണത്തിന്റെ ഭാഗമായി തൊഴില്‍ ഉദ് ഗ്രഥിത വിദ്യാഭ്യാസത്തിനും, കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി. കൂടാതെ 1, 2 ക്ലാസുകളില്‍ കുട്ടികളുടെ അടിസ്ഥാനശേഷി വര്‍ദ്ധിപ്പിക്കാന്‍ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവര്‍ത്തന പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്തു.

കഴിഞ്ഞ വര്‍ഷം 1, 3, 5, 7, 9 ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും സമയബന്ധിതമായി വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. അതില്‍ പത്താം ക്ലാസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അച്ചടി വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തു.

സംസ്ഥാനത്തെ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസ്. ന്റെ നേതൃത്വത്തില്‍ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കുന്നു.

Related Articles
Next Story
Share it